play-sharp-fill
പ്രധാന പാതകള്‍ ശുചീകരിച്ച് ജില്ലയിൽ  റിപ്പബ്ലിക് ദിനാഘോഷം

പ്രധാന പാതകള്‍ ശുചീകരിച്ച് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം

സ്വന്തം ലേഖകൻ

കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനായി നടത്തിയ ശുചീകരണ യജ്ഞത്തിലൂടെ നീക്കം ചെയ്തത് ടണ്‍ കണക്കിന് അജൈവ മാലിന്യങ്ങള്‍. എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും പ്രധാന റോഡുകളുടെ വശങ്ങളിലാണ് ശുചീകരണം നടന്നത്. ജനപ്രതിനിധികള്‍ക്കും ഹരിത കര്‍മ്മ സേനയ്ക്കുമൊപ്പം സന്നദ്ധ സംഘടന പ്രവര്‍ത്തകരും വിദ്യാര്‍ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലാളികളും പൊതുജനങ്ങളും യജ്ഞത്തില്‍ പങ്കുചേര്‍ന്നു.


ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ ശുചിത്വമിഷനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭയിലെ 52 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. ശേഖരിച്ച ജൈവമാലിന്യങ്ങള്‍ അതത് പ്രദേശങ്ങളില്‍ കുഴിച്ച് മൂടി. അജൈവ മാലിന്യങ്ങള്‍ കോടിമത പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി.

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ശുചീകരണ യജ്ഞത്തിന് മോന്‍സ് ജോസഫ് എം.എല്‍.എ മാര്‍ക്കറ്റ് ജംഗ്ഷനില്‍ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലില്ലിക്കുട്ടി മാത്യു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചങ്ങനാശ്ശേരി നഗരസഭാ പരിധിയിലെ റോഡ് ശുചീകരണ യജ്ഞം നഗരസഭ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് റോഡില്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് നടത്തിയ ശുചീകരണത്തില്‍ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫാത്തിമപുരത്തെ എം.സി.എഫിലേക്ക് മാറ്റി.

പാല നഗരസഭയില്‍ കൊട്ടാരമറ്റം റോഡില്‍ ആരംഭിച്ച ശുചീകരണത്തില്‍ ചെയര്‍പേഴ്സണ്‍ മേരി ഡൊമിനിക് നേതൃത്വം നല്‍കി. അല്‍ഫോന്‍സാ കോളേജ്, പോളിടെക്നിക്ക് കോളേജ് വിദ്യാര്‍ഥിനികള്‍ പങ്കുചേര്‍ന്നു. ശുചിത്വ ബോധവല്‍ക്കരണ തെരുവു നാടകവും അവതരിപ്പിച്ചു.

ഈരാറ്റുപേട്ടയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബല്‍ക്കീസ് നവാസും ഏറ്റുമാനൂരില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് പുല്ലാട്ടും വൈക്കത്ത് വൈസ് ചെയര്‍പേഴ്സണ്‍ എസ്. ഇന്ദിരാദേവിയും ഉദ്ഘാടനം ചെയ്തു.

കുറിച്ചി ഗ്രാമപഞ്ചായത്തിലെ മന്ദിരം കവല മുതല്‍ ചെറുവേലിപ്പടി വരെയുള്ള മൂന്നു കിലോമീറ്റര്‍ റോഡ് ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മുളപ്പഞ്ചേരിയും വിജയപുരം ഗ്രാമപഞ്ചായത്തില്‍ വടവാതൂര്‍ ജംഗ്ഷനിലെ പാതയോര ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ് സിസി ബോബിയും ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കോട്ടയം -കോഴഞ്ചേരി റോഡില്‍ റബര്‍ ബോര്‍ഡ് ജംഗ്ഷന്‍, നിലയ്ക്കല്‍ പള്ളി ജംഗ്ഷന്‍, വെട്ടത്ത് കവല ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു ശുചീകരണം. പനച്ചിക്കാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് ഇ.ആര്‍. സുനില്‍ കുമാറും അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് മോളി തോമസും പരിപാടി ഉദ്ഘാടനം ചെയ്തു.

വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 19-ാം മൈല്‍, 14 -ാം മൈല്‍ എന്നിവിടങ്ങളില്‍ നിന്നും കൊടുങ്ങൂര്‍ വരെയുള്ള പാതയോര ശുചീകരണം പ്രസിഡന്‍റ് പ്രൊഫ. എസ്. പുഷ്ക്കലാ ദേവി ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ 20-ാം മൈലില്‍ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി വരെയുള്ള മേഖലയിലെ ശുചീകരണത്തിന് പ്രസിഡന്‍റ് ജയ ശ്രീധര്‍ നേതൃത്വം നല്‍കി. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കടയനിക്കാട് മുതല്‍ മണിമല വരെയുള്ള പാതയോരമാണ് ശുചീകരിച്ചത്.

നെടുംകുന്നത്ത് കറുകച്ചാല്‍ -മണിമല റോഡിലെ ടൗണ്‍ ഭാഗവും ശുചിയാക്കി. കറുകച്ചാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് ബി. ബിജുകുമാറും കങ്ങഴയില്‍ പ്രസിഡന്‍റ് പ്രദീപ് കുമാറും ഉദ്ഘടനം ചെയ്തു.

അകലക്കുന്നം പഞ്ചായത്തില്‍ കൊടുങ്ങൂര്‍ – മുത്തോലി റോഡ്, പള്ളിക്കത്തോട്
-മണല്‍ – അയര്‍ക്കുന്നം റോഡ്, ചെങ്ങളം പൂവത്തിളപ്പ് റോഡ് എന്നിവ ശുചീകരിച്ചു. എലിക്കുളം പഞ്ചായത്തില്‍ പാലാ- പൊന്‍കുന്നം റോഡിന്‍റെ 12 കിലോമീറ്ററും മീനടം പഞ്ചായത്തില്‍ വെട്ടത്ത് കവല – ഞണ്ടുകുളം – ഉണക്കപ്ലാവ് റോഡും കിടങ്ങൂരില്‍
കട്ടച്ചിറ – ഏറ്റുമാനൂര്‍ റോഡും കിടങ്ങൂര്‍ ജംഗ്ഷനും ശുചീകരിച്ചു.

കുമരകം പഞ്ചായത്തില്‍ കോട്ടയം – കുമരകം – ചേര്‍ത്തല റോഡിന്‍റെ അഞ്ച് കിലോമീറ്ററോളം ദൂരത്തെ മാലിന്യങ്ങള്‍ നീക്കി. ആര്‍പ്പൂക്കര പഞ്ചായത്തിലെ അമ്പലക്കവല മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഭാഗം വൃത്തിയാക്കി. നീണ്ടൂര്‍ പഞ്ചായത്തില്‍ നീണ്ടൂര്‍ – ഏറ്റുമാനൂര്‍ റോഡും അതിരമ്പുഴയില്‍ അടിച്ചിറ – ഏറ്റുമാനൂര്‍ റോഡും തിരുവാര്‍പ്പ് പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് റോഡും വൃത്തിയാക്കി.

കുറവിലങ്ങാട് പഞ്ചായത്തില്‍ എം.സി റോഡിന്‍റെ കുറവിലങ്ങാട് – ഏറ്റുമാനൂര്‍ ഭാഗവും മാഞ്ഞൂരില്‍ എം.സി. റോഡ് നാല് കിലോമീറ്ററും രാമപുരത്ത് കുറിഞ്ഞി – നെല്ലാപ്പാറ റോഡിന്‍റെ നാല് കിലോമീറ്ററോളവും വെളിയന്നൂരില്‍ കൂത്താട്ടുകുളം – ഏറ്റുമാനൂര്‍ റോഡുമാണ് വൃത്തിയാക്കിയത്.

വാകത്താനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് പി.ബി പ്രകാശ് ചന്ദ്രനും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് എന്‍. രാജുവും നേതൃത്വം നല്‍കി. മാടപ്പള്ളി ഗ്രാമ പഞ്ചായത്തില്‍ ചങ്ങനാശ്ശേരി വാഴൂര്‍ റോഡ് തെങ്ങണ മുതല്‍ ദൈവം പടി വരെ മാലിന്യമുക്തമാക്കി.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പൂതക്കുഴി റാണി ഹോസ്പിറ്റല്‍ പരിസരം കേന്ദ്രീകരിച്ചു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് ഷക്കീലാ നസീര്‍ ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്തിലെ പാതയോര ശുചീകരണം പ്രസിഡന്‍റ് ബിനു സജീവും മണിമലയില്‍ പ്രസിഡന്‍റ് ആന്‍സി സെബാസ്റ്റ്യനും നേതൃത്വം നല്‍കി.

വാഴപ്പള്ളി പഞ്ചായത്തില്‍ ശുചീകരണ പ്രവത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പ്ലാമൂട്ടില്‍ നേതൃത്വം നല്‍കി. കൂട്ടിക്കല്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് കെ.ആര്‍. രാജിയും മുണ്ടക്കയത്ത് പഞ്ചായത്തംഗം ബേബിച്ചന്‍ പ്ലാക്കാട്ടും എരുമേലിയില്‍ പ്രസിഡന്‍റ് ടി.കെ കൃഷ്ണകുമാറും നേതൃത്വം നല്‍കി.

മുളക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് സുജാത സുമോന്‍റെ നേതൃത്വത്തില്‍ വൈക്കം- തൊടുപുഴ റോഡില്‍ കുറുവേലിപ്പാലം ഭാഗത്ത് ശുചീകരണം നടത്തി. ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് രാധാകൃഷ്ണനും തലയോലപ്പറമ്പില്‍ പ്രസിഡന്‍റ് വി.ജി. മോഹനനും നേതൃത്വം നല്‍കി.

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ ഇത്തിപ്പുഴ പാലം മുതല്‍ ചെമ്പ് അങ്ങാടി വരെ ശുചിയാക്കി. പഞ്ചായത്തംഗങ്ങളായ രമാദേവി, പി.ആര്‍. ശരത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്‍റ് ആര്‍. പ്രേംജി, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തംഗം രമേഷ് ബി.വെട്ടിമറ്റം, തലനാട്ടില്‍ പി.എസ് ബാബു, തലപ്പലത്ത് പ്രസിഡന്‍റ് ഇന്ദിരാ രാധാകൃഷ്ണന്‍, മീനച്ചില്‍ പഞ്ചായത്തില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടി കുര്യാക്കോസ് എന്നിവര്‍ ശുചീകരണം നയിച്ചു.

ളാലം ബ്ലോക്കിന്‍റെ നേതൃത്വത്തില്‍ പ്രവിത്താനം – തൊടുപുഴ റോഡ് ശുചീകരിച്ചു. പ്രസിഡന്‍റ് അഡ്വ.ജോസ് ജോസഫ് പ്ലാക്കൂട്ടം നേതൃത്വം നല്‍കി.

പാല- പൊന്‍കുന്നം സ്റ്റേറ്റ് ഹൈവേയില്‍ പൈക ടൗണ്‍ മുതല്‍ കടയം വരെയുള്ള എട്ടു കിലോമീറ്റര്‍ പാതയോരം ശുചീകരിച്ചു. കടനാട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പാല – തൊടുപുഴ സംസ്ഥാന പാത ശുചിയാക്കി. പ്രസിഡന്‍റ് ജെയ്സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കൊഴുവനാല്‍ പഞ്ചായത്തില്‍ മുത്തോലി -കൊടുങ്ങൂര്‍, കൊഴുവനാല്‍ – ചേര്‍പ്പുങ്കല്‍ റോഡ് ശുചീകരിച്ചു. പ്രസിഡന്‍റ് തോമസ് ജോര്‍ജ്ജ് നേതൃത്വം നല്‍കി. മുത്തോലി പഞ്ചായത്തില്‍ നടത്തിയ ശുചീകരണത്തിന് വൈസ് പ്രസിഡന്‍റ് രാജന്‍ മുണ്ടമറ്റം നേതൃത്വം നല്‍കി.