
തേർഡ് ഐ ബ്യൂറോ
പാലക്കാട്: അപകടത്തിൽ സഹായിച്ചു, വീട്ടിലെത്തിച്ചു ഭക്ഷണം നൽകിയ പരുന്തിനെ വീട്ടിൽ നിന്നും ഒഴിവാക്കാനാവാതെ വിഷമിക്കുകയാണ് ഒരു യുവാവും കുടുംബവും. ശല്യക്കാരനായ പരുന്തിനെ വനം വകുപ്പ് അധികൃതർ നീലേശ്വരത്തും റാണിപുരത്തും കൊണ്ടുപോയി പറത്തിവിട്ടുവെങ്കിലും മണിക്കൂറുകൾക്കകം തിരിച്ചെത്തിയിരിക്കുകയാണ്. ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പുല്ലൂർ, കേളോത്തെ കാവുങ്കാലിലെ ഷാജി. ആറുമാസം മുമ്പാണ് അവശനിലയിലായ പരുന്തിനെ ഷാജിക്ക് ലഭിച്ചത്. പക്ഷി മൃഗാദികളെ ഏറെ സ്‌നേഹിക്കുന്ന ഇയാളും സഹോദരൻ സത്യനും ചേർന്ന് പരുന്തിനെ ഒഴിഞ്ഞ കോഴിക്കൂടിനു അകത്താക്കി ഭക്ഷണം നൽകി.
അഞ്ചുദിവസത്തിനകം ആരോഗ്യം വീണ്ടെടുത്ത പരുന്തിനെ പറത്തിവിട്ടുവെങ്കിലും ഉടൻ തിരിച്ചെത്തി. ഇതോടെ ദയ തോന്നിയ വീട്ടുകാർ വീണ്ടും ഭക്ഷണം നൽകി. പിന്നീട് പരുന്ത് പരിസരത്തു പാറി നടന്നതല്ലാതെ ദൂരെ പോകാൻ തയാറായില്ല. എന്നാൽ വിട്ടുമുറ്റത്തു പറന്നിറങ്ങുന്ന പരുന്ത് കളിപ്പാട്ടങ്ങൾ റാഞ്ചി കൊണ്ടുപോകാൻ തുടങ്ങിയതോടെ പരാതി ഉയർന്നു. പരുന്തിനെ പേടിച്ച് കുട്ടികൾ വീടിനുപുറത്തു ഇറങ്ങാനും ഭയന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി പതിവായതോടെ മൂന്നുമാസം മുമ്പ് ഷാജി കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. അവർ പരുന്തിനെ കസ്റ്റഡിയിലെടുത്തു. നീലേശ്വരം മാർക്കറ്റിൽ എത്തിച്ച് അവിടെ ഉണ്ടായിരുന്ന പരുന്തുകൾക്കൊപ്പം പറത്തിവിട്ടു. രണ്ടു ദിവസത്തിനകം പരുന്ത് ഷാജിയുടെ വീട്ടിൽ തിരിച്ചെത്തി. പിന്നീട് ഏതാനും ദിവസം പരുന്തിനെ കൊണ്ട് ശല്യമൊന്നും ഉണ്ടായില്ല.
വൈകാതെ പരുന്ത് വീണ്ടും തനി സ്വഭാവം പുറത്തെടുത്തു. വീട്ടുമുറ്റത്തു കുട്ടികളുടെ തലയ്ക്കു മീതെ വട്ടമിട്ടു പറക്കാൻ തുടങ്ങി. കുട്ടികൾ വീണ്ടും ഭയ ചകിതരായി. തുടർന്ന് നാട്ടുകാർ ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. ഞായറാഴ്ച കള്ളാറിൽ നിന്നു ഫോറസ്റ്റ് അധികൃതർ പരുന്തിനെ കൊണ്ടുപോയി റാണിപുരം വനത്തിൽ വിട്ടു.സമാധാനമായിയെന്ന് കരുതിയിരിക്കുമ്പോഴാണ് പരുന്ത് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് വീണ്ടും ഷാജി യുടെ വീട്ടിലെത്തിയത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഷാജിയും കുടുംബവും.