play-sharp-fill
ചൂടിനെ പേടിച്ച് കോട്ടയവും; റോഡിലിറങ്ങിയാൽ പൊള്ളി പുകഞ്ഞു പോകും; മുന്നറിയിപ്പുമായി ജില്ലാ കളക്ടറും; പൊരിവെയിലിൽ പണിയെടുക്കുന്ന പൊലീസുകാർ എന്തു ചെയ്യണം സർ..?

ചൂടിനെ പേടിച്ച് കോട്ടയവും; റോഡിലിറങ്ങിയാൽ പൊള്ളി പുകഞ്ഞു പോകും; മുന്നറിയിപ്പുമായി ജില്ലാ കളക്ടറും; പൊരിവെയിലിൽ പണിയെടുക്കുന്ന പൊലീസുകാർ എന്തു ചെയ്യണം സർ..?

സ്വന്തം ലേഖകൻ

കോട്ടയം: അതിരാവിലെ എഴുന്നേൽക്കുന്ന സൂര്യൻ, അതിരൂക്ഷമായി പ്രതികരിക്കുന്നതോടെ കോട്ടയവും ചൂടിനെ ഭയന്ന് തലയിൽ മുണ്ടിട്ട് നിൽക്കുന്നു. ഇതുവരെ കാണാത്ത ചൂടും, വെയിലും അനുഭവപ്പെട്ടു തുടങ്ങിയതോടെ കോട്ടയത്തിന്റെ മണ്ണിൽ തൊട്ടാൽ പൊള്ളുന്ന അവസ്ഥയാണ്. തിങ്കളാഴ്ച ചൂട് ക്രമാതീതമായി ഉയരുമെന്ന അവസ്ഥയും മുന്നറിയിപ്പും ഉണ്ടായതോടെ അതീവ ജാഗ്രതയിൽ വകുപ്പുകൾ രംഗത്ത് എത്തിയിട്ടുണ്ട്. തീയും പുകയും നിറഞ്ഞ തിങ്കളാഴ്ച ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങളുമായി കളക്ടർ ഫെയ്‌സ്ബുക്ക് പേജിലൂടെയും രംഗത്ത് എത്തിയിട്ടുണ്ട്.

രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ പരമാവധി സഹകരിക്കണമെന്നാണ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് പ്രായോഗികമാണെങ്കിലും പൊലീസുകാരുടെ കാര്യത്തിൽ ഇത് നടപ്പാകുന്നുണ്ടോ എന്നതാണ് സംശയം. പൊരിവെയിലിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാരുടെ ഗതികേടാണ് ഏറെ സങ്കടകരം. തൊപ്പിയും വെച്ച് തുള്ളി വെള്ളം കുടിക്കാൻ മാർഗമില്ലാതെ രണ്ടും നാലും മണിക്കൂറാണ് പൊലീസ് ഉദ്യോഗസ്ഥർ ട്രാഫിക്ക് ഐലൻഡിലും തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളിലും ഡ്യൂട്ടിയ്ക്കു നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം ശ്രദ്ധേയമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറുടെ നിർദേശങ്ങൾ ഇങ്ങനെ

നാളെ(ഫെബ്രുവരി 24) കോട്ടയം ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യതാപം, സൂര്യാഘാതം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ചുവടെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യണം.

നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.

പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികളെ പുറത്തിറക്കുന്നത് ഒഴിവാക്കണം. സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യതയും വായു സഞ്ചാരവും ഉറപ്പ് വരുത്തണം. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും ഏര്‍പ്പെടുത്തണം.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.