play-sharp-fill

ആശുപത്രികളിൽ ആളില്ലേ ഡോക്ടർ..! എല്ലാവരുടെയും രോഗം മാഞ്ഞു പോയോ..? കൊറോണയെ പേടിച്ച് രോഗികളില്ലാതായി കേരളം; ഭാരതിലും കിംസിലും ജനറൽ ആശുപത്രിയിലും രോഗികളില്ലാക്കാലം: വ്യായാമക്കാരില്ല, നടത്തക്കാരുമില്ല, മരുന്നു വാങ്ങാൻ ആളുമില്ല

എ.കെ ശ്രീകുമാർ

കോട്ടയം: കൊറോണ വൈറസ് പടർന്നു പിടിച്ചതോടെ കേരളത്തിലെ മറ്റെല്ലാ വ്യാധികളും ഒറ്റയടിയ്ക്കു മാഞ്ഞു പോയ കാഴ്ചയാണ് നാട് കാണുന്നത്. നിറഞ്ഞു കവിഞ്ഞിരുന്ന ആശുപത്രികളിൽ ഇന്ന് ശ്മശാന മൂകതയാണ്. അപകടങ്ങളില്ല, ആരോഗ്യം നശിപ്പിക്കുന്ന ലഹരിയില്ല… എന്തിന് രോഗികളും ഇല്ലാതെയായി..!

കോട്ടയം ജില്ലയിലെ കാഴ്ചകൾ തന്നെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകൂം. ഒരു കൊറോണക്കാലത്തെ നിയന്ത്രണം വന്നാൽ മാത്രം മതി കേരളത്തിലെ രോഗികളുടെ എണ്ണം അലിഞ്ഞില്ലാതാകാൻ. ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ ആശുപത്രികളിൽ ഒന്നായിരുന്നു ജനറൽ ആശുപത്രി. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗവും, ഒ.പിയും അടക്കമുള്ളവിടങ്ങളിൽ ദിവസവും എത്തിയിരുന്നത് രണ്ടായിരത്തോളം രോഗികളാണ്. നിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു ഈ ആശുപത്രികളിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കൊറോണ വന്നതോടെ ആർക്കും രോഗമില്ലാതെയായി. അനാവശ്യമായുള്ള രോഗത്തിന്റെ പേരിൽ ആരും ആശുപത്രിയിലേയ്ക്കു എത്തരുതെന്ന നിർദേശം വന്നതാണ് രോഗികളെ ആശുപത്രികളിൽ നിന്നും അകറ്റിയത്. ഇതോടെയാണ് കേരളത്തിൽ 80 ശതമാനത്തിനു മുകളിൽ ആളുകൾക്കും അനാവശ്യമായ രോഗമായിരുന്നു എന്നു വ്യക്തമായത്.

കോടിമതയിലെ സുരേഷ് ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു അടുത്തിടെ ഏറ്റവുമധികം രോഗികൾ എത്തിയിരുന്നത്. എന്നാൽ, ഇവിടെ എത്തുന്ന രോഗികളുടെ എണ്ണം വട്ടപ്പൂജ്യമായി കുറഞ്ഞു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണയെക്കാൾ വലുതായൊന്നും ഇനി വരാനില്ലെന്നു വ്യക്തമാക്കുന്നതാണ് ഈ ആശുപത്രിയിലെ കണക്കുകൾ.

കോട്ടയത്ത് തന്നെ ഏറ്റവും തിരക്കേറിയ സ്വകാര്യ ആശുപത്രികളിൽ ഒന്നായിരുന്നു ഭാരത് ആശുപത്രി. എന്നാൽ, ഭാരതിലെ സ്ഥിതിയും വ്യത്യസ്തമല്ല. രോഗികളായി നേരത്തെ ഈ ആശുപത്രികളിൽ കയറിയിറങ്ങി നടന്നിരുന്ന ആളുകൾക്ക് സ്വയം വിലയിരുത്തലിനുള്ള കാലമാണ് ഇപ്പോഴുള്ള കൊറോണക്കാലം. രോഗമില്ലാതെയാണ് നിങ്ങൾ ഓരോരുരത്തരും ആശുപത്രികൾ തോറും കയറിയിറങ്ങി നടന്നിരുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ചെറിയ രോഗത്തിനു പോലും ആശുപത്രിപ്പടികൾ മടിയില്ലാതെ കയറിയിരുന്ന രോഗികൾ എല്ലാം ഇന്ന് വീടുകളിൽ വിശ്രമിത്തിലാണെന്നു വ്യക്തമാണ്. കൃത്യ സമയത്ത് ഭക്ഷണവും, കൃത്യമായ വിശ്രമവും ലഭിച്ചതോടെ, ആർക്കും രോഗങ്ങളൊന്നുമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഈ കൊറോണക്കാലത്ത് ഒരു കാര്യത്തിൽ തീരുമാനം എടുക്കുക. കൃത്യമായി ഭക്ഷണം കഴിക്കുക, കൃത്യമായി വിശ്രമിക്കുക, കൃത്യ സമയത്ത് ഉറങ്ങുക. കുറച്ച് കാലം കൂടി ജീവിക്കാം..

ജില്ലയിലെ പല ഡോക്ടർമാരും ഇപ്പോൾ ഫീസില്ലാക്കാലത്താണ് ജീവിക്കുന്നത്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തി മണിക്കൂറുകളുടെ പ്രാക്ടീസ് കൊണ്ട് ദിവസം അയ്യായിരം രൂപ വരെയുണ്ടാക്കിയിരുന്ന ഡോക്ടർമാർ ജില്ലയിലുണ്ടായിരുന്നു. ശമ്പളം കൂടാതെയായിരുന്നു ഈ ലക്ഷങ്ങൾ ഡോക്ടർമാർ വീട്ടിൽ നിന്നും ദിവസവും പ്രൈവറ്റ് പ്രാക്ടീസിന്റെ പേരിൽ കൊയ്‌തെടുത്തിരുന്നത്. എല്ലാം, ഒരൊറ്റ കൊറോണ വന്നു തകർത്തു തരിപ്പണമാക്കിക്കളഞ്ഞു.

കൊള്ളപ്പലിശയ്ക്കു പണം കടം കൊടുക്കുന്നതു പോലെ ഇരുനൂറ് രൂപയില്ലെങ്കിൽ രോഗിയുടെ മുഖത്ത് നോക്കാത്ത ഡോക്ടർമാരിൽ പലരും ഇന്ന് വീടിന്റെ വാതിൽപൂട്ടി അകത്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കൊറോണക്കാലം നീണ്ടു പോയാൽ ജില്ലയിലെ പല പ്രൈവറ്റ് ആശുപത്രികളും നിലവിലുള്ള രോഗികളെ പിഴിഞ്ഞ് പുട്ടടിക്കുന്ന കാലം ഉണ്ടാകുമെന്നത് ഏതാണ്ട് ഉറപ്പാണ്.