സ്വന്തം ലേഖകൻ
കാക്കനാട്: ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും എടുത്തു കെണിയിൽപെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എൻജിഒ ക്വാർട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആർ ഫ്ലാറ്റിൽ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയ ഷിജി വരാപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ്.
സുഹൃത്തു വഴി ഷിജിയെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ ബിസിനസുകാരനാണ് കെണിയിൽപെട്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ ഫ്ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരി ചേർത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയിൽപെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവ സമൂഹ മാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നപ്പോഴാണ് ബിസിനസുകാരൻ പൊലീസിനെ സമീപിച്ചത്.
6 വർഷം മുൻപു സുഹൃത്തിനൊപ്പം എറണാകുളത്തു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയിൽ ബിസിനസുകാരൻ ഷിജിയുടെ ഫ്ലാറ്റിൽ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു.
ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണ് കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.