ഹിന്ദു ഐക്യത്തിന്റെ കാഹളവുമായി ആചാര്യസഭ കോട്ടയത്ത്

ഹിന്ദു ഐക്യത്തിന്റെ കാഹളവുമായി ആചാര്യസഭ കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം: ഹിന്ദുഐക്യത്തിന്റെ കാഹളവുമായി ആചാര്യസഭ കോട്ടയത്ത് നടന്നു. ഹിന്ദുസമൂഹം ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന വാര്‍ത്തമാന കാലത്ത് ആചാര സംവിധാനങ്ങളെ തകര്‍ക്കാമുള്ള നീക്കം ശക്തമായ സാഹചര്യത്തില്‍ സമൂഹത്തില്‍ ഏകീകൃത അഭിപ്രായം രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് ആചാര്യസഭകള്‍. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടക്കും. അതിന്റെ ഭാഗമായിയാണ് കോട്ടയത്ത് ആചാര്യസഭ നടന്നത്. തന്ത്രിമാര്‍, ശാന്തിക്കാര്‍, ക്ഷേത്രഭരണ സമിതി അംഗങ്ങള്‍, സപ്താഹ ആചാരന്മാര്‍,ആദ്ധ്യാത്മീക ആചാര്യന്മാര്‍, ജ്യോതിഷ പണ്ഡിതന്മാര്‍, വാസ്തു ശാസ്ത്ര വിദഗ്ദ്ധന്മാര്‍, സന്യാസിശ്രേഷ്ഠന്മാര്‍ തുടങ്ങിയവര്‍ ആചാര്യസഭയില്‍ പങ്കെടുത്തു. സമൂഹത്തില്‍ ശാസ്ത്രാവബോധത്തിന് കുറവ് വന്നതാണ് അനാചാരങ്ങളും ദുരാചാരങ്ങളും വളരാനും സമൂഹത്തിലെ ശൈഥില്യത്തിനും കാരണമെന്ന് ആചാര്യസഭ ഉദ്ഘാടനം ചെയ്ത് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. പൂര്‍വ്വകാലത്ത് വിദ്വല്‍സഭകളില്‍ ശാസ്ത്ര സംബന്ധിയായ ചര്‍ച്ചകളും നടക്കുകയും പുതിയ അറിവുകള്‍ നേടുകയും ചെയ്തിരുന്നു. ഇത് സമൂഹത്തിന് ഗുണപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ട് ആചാരങ്ങളെ കുറിച്ച് സമൂഹത്തിന് ഒന്നും നല്‍കുവാന്‍കഴിയുന്നില്ല. ഇന്ന് വിവിധ മേഖലകളില്‍ അനേകം ആചാര്യന്മാരുണ്ട്. എന്നാല്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ഒരെ വേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിയുന്നില്ല. ആചാരങ്ങള്‍, വ്രതനിഷ്ഠകള്‍ എന്നിവയെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ പോലും ഹിന്ദു ധര്‍മ്മത്തെ കുറിച്ച് അഭിപ്രായം പറയുന്നു. കോടതികള്‍ പോലും ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാതെ വിധി പ്രസ്താവം നടത്തുന്നു. മറ്റ് മതസ്ഥരുടെ കാര്യത്തില്‍ മതമേലദ്ധ്യന്മാരുടെ അഭിപ്രായം അന്തിമമാകുമ്പോഴാണ് ഹിന്ദുസമൂഹത്തിന് ഈ ദുര്‍ഗതിയുണ്ടാകുന്നത്. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന കോടതി വിധി മതേതരസര്‍ക്കാര്‍ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായി. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, സംഘാടക സമിതി ഭാരവാഹികളായ സുധീര്‍ ചൈതന്യ, പി.എന്‍.എസ്.നമ്പൂതിരി, കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി, പി.സി.ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വേദാനന്ദ സരസ്വതി, എം.എന്‍.ഗോപാലന്‍ തന്ത്രി(നാഗമ്പടം ക്ഷേത്രം തന്ത്രി) സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാട്, പുതുമന മനു നമ്പൂതിരി, ആദ്മജവര്‍മ്മ തമ്പുരാന്‍, ഗോദവര്‍മ്മ(പൂഞ്ഞാര്‍ കൊട്ടാരം)വി.കെ. വിശ്വനാഥന്‍, എം.എസ്.പദ്മനാഭന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, തിരുനക്കര മധു സൂദനവാര്യര്‍(ഭാഗവതചാര്യന്‍) തന്ത്രി സനല്‍കുമാര്‍, തന്ത്രി രജ്ഞിത് രാജന്‍, കെ.എന്‍.ദാമോദരന്‍ നമ്പൂതിരി(പനശ്ചിക്കാട് ക്ഷേത്രം) വി.എസ്.വിജയന്‍(സര്‍വ്വ സിദ്ധിവിനായക ക്ഷേത്രം പ്രസിഡന്റ്, എരുമേലി), പ്രസാദ് ആചാര്യ(വിശ്വബ്രഹ്മ ക്ഷേത്രം തന്ത്രി, വാകത്താനം) നാരായണന്‍ നമ്പൂതിരി (പനശ്ചിക്കാട് ക്ഷേത്രം മാനേജര്‍), ശ്രീകുമാര്‍ ശര്‍മ്മ (മണര്‍കാട് ക്ഷേത്രം മേല്‍ശാന്തി), അനൂപ് കൃഷ്ണന്‍ നമ്പൂതിരി(തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേല്‍ശാന്തി), രജീഷ് ശാന്തി(നാഗമ്പടം ക്ഷേത്രം മേല്‍ശാന്തി), അരുണ്‍ സുബ്രഹ്മണ്യം(ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രം മേല്‍ശാന്തി), ഇടമന ദാമോദരന്‍ പോറ്റി(ശബരിമല മുന്‍ മേല്‍ശാന്തി), സാബു സ്വാമി(ഇടച്ചോറ്റി ക്ഷേത്രം മേല്‍ശാന്തി) പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി, സദ്ഗുരു രമാദേവി അമ്മ, പ്രൊഫ. സരിതാ അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹത്തിലെ വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു കൊണ്ട് പരിഹാരം കാണുകയും അതനുസരിച്ച് സമാജത്തെ ചലിപ്പിക്കുകയും, ഹിന്ദു സമൂഹത്തിലെ പരസ്പര ഭിന്നത മാറ്റുകയും ഹിന്ദു സമാജത്തെ മുഴുവന്‍ ഒരു പൊതു വേദിയില്‍ എത്തിപ്പിച്ച് സമാജത്തിന്നു കൂടുതല്‍ ആത്മവിശ്വാസം പകരാനും ആചാര്യ സഭ തീരുമാനിച്ചു.ആചരണങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി ആചാര്യ യോഗങ്ങള്‍ നടത്തുന്നതിനും ആചാര്യ സഭ തീരുമാനിച്ചു.ഇതിനായി ആഗസ്സ്റ്റ് 5 നു ഏറ്റൂമാനൂരില്‍ ആചാര്യന്മാരുടെ നേതൃത്വത്തില്‍ ധര്‍മ്മ ആചാര്യസഭ നടത്താനും തീരുമാനിച്ചു.ഈ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനായി വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കാനും ആചാര്യസഭ തീരുമാനിച്ചു.