play-sharp-fill
മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയാൻ പാടില്ല: കർണാടക അതിർത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി

മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയാൻ പാടില്ല: കർണാടക അതിർത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: കർണാടക അതിർത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവനുകൾ പൊലിയാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോക്ക്ഡൗണിന്റെ ഭാഗമായി കേരള-കർണാടക അതിർത്തി അടച്ച വിഷയം ഹൈക്കോടതി ഫുൾ ബെഞ്ച് പരിഗണിക്കവേയാണ് ഈ പരാമർശം


 

അതിർത്തി അടയ്ക്കാൻ കർണാടകയ്ക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് കർണാടകയുടെ അഡ്വക്കേറ്റ് ജനറലിനെ വീഡിയോ കോൺഫറൻസ് വഴി ഹൈക്കോടതി കേൾക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യ സർവീസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കും ദേശീയപാത അടക്കം അടയ്ക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിർത്തിയടച്ച വിഷയത്തിൽ കടുത്ത വിയോജിപ്പ് കോടതിയിൽ സംസ്ഥാന സർക്കാർ രേഖപ്പെടുത്തി

 

വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർണാടക സർക്കാരുമായും ഒട്ടേറെ തവണ ചർച്ച നടത്തിയിട്ടും കർണാടക വഴങ്ങുന്നില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം ഇടപെടൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയിൽ അറിയിച്ചു.

 

തുടർന്ന് ഹൈക്കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞു. അതിർത്തി അടച്ചതിനെതിരായ നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ പറഞ്ഞു. കൂടാതെ വിഷയത്തിൽ കർണാടകയുടെ നിലപാടു കൂടി ആരായണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനും വ്യക്തമാക്കി.

 

ഇതോടെയാണ് കർണാടക അഡ്വക്കേറ്റ് ജനറലിന്റെ ഭാഗം കേൾക്കാൻ കോടതി തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് കർണാടക അഡ്വക്കേറ്റ് ജനറലുമായി വീഡിയോ കോൺഫറൻസ് മുഖാന്തരം കോടതി സംസാരിക്കും. ഇതിനു ശേഷം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.