
ന്യൂഡൽഹി : ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്പെൻഡ് ചെയ്യുകയും, മറ്റൊരു ജഡ്ജിയായ അനില്‍കുമാറിനെതിരെ അച്ചടക്കനടപടിഎടുക്കുകയും ചെയ്തു.
ഒരു അഭിഭാഷകനെതിരെ അഭിഭാഷക നല്‍കിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിയ്ക്ക് പരാതി നല്‍കിയത്. അഭിഭാഷകനെതിരെ നല്‍കിയ പരാതി പിൻവലിപ്പിക്കാൻ ഈ ജഡ്ജിമാർ വലിയ സമ്മർദം ചെലുത്തിയിരുന്നു. ഈ ജഡ്ജിമാരുടെയും കീഴില്‍ പരാതിക്കാരി ജോലി ചെയ്തിരുന്നു.
കേസ് പിൻവലിച്ചാല്‍ 30 ലക്ഷം രൂപ നല്‍കാമെന്നും അഭിഭാഷകയ്ക്ക് ജഡ്ജിമാർ വാഗ്ദാനം നൽകുകയും കേസ് പിൻവലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകയുടെ സഹോദരനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ലഭിച്ചയുടനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 28ന് ചേർന്ന ഡല്‍ഹി ഹൈക്കോടതിയിലെ ഫുള്‍ കോർട്ട് റഫറൻസിലാണ് നടപടിയ്ക്കുള്ള തീരുമാനം ഉണ്ടായത്.