സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി : സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്‌ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി : നടപടി കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ച്
സ്വന്തം ലേഖകൻ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. എൻഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടു.
ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്‌ഐആറുകളും റദ്ദാക്കാനും ഉത്തരവിട്ടു. കേസുകൾ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി.ഒപ്പം ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
സ്വപ്ന സുരേഷിന്റേയും സമാനമൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ്. ഈ രണ്ട് കേസുകളുടേയും എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. ഇതോടൊപ്പം ഈ രണ്ട് കേസുകളുടെയും തുടർനടപടികളും റദ്ദാക്കി.
അതേസമയം സന്ദീപ് നായരുടെ കത്തിലെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവകരമെന്നും കോടതി പറഞ്ഞു. ഇത് അന്വേഷിക്കേണ്ടതാണെന്നും കത്ത് പരിശോധിച്ച് വിചാരണ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് എല്ലാ രേഖകളും പ്രത്യേക കോടതിക്ക് കൈമാറണം. സന്ദീപ് നായരുടെ മൊഴി ഉൾപ്പെടെ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിൽ തിരുമാനം എടുക്കേണ്ടത് ക്രൈംബ്രാഞ്ചല്ലെന്നും വിചാരണ കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.