സഹായം എത്തി ; പെൻഷൻ കുടിശികയെ തുടർന്ന് ജീവിക്കാൻ നിവർത്തി ഇല്ലാതായതിനാല്‍ നടുറോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച വൃദ്ധയുടെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും: ഒരു മാസത്തെ പെൻഷൻ തുകയും അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കി

Spread the love

 

വണ്ടിപ്പെരിയാർ: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ജീവിക്കാൻ നിവർത്തി ഇല്ലാതായതിനാല്‍ നടുറോഡില്‍ കസേരയിലിരുന്നു പ്രതിഷേധിച്ച പൊന്നമ്മക്ക് സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

 

പൊന്നമ്മയെ ഫോണില്‍ വിളിച്ചാണു സതീശൻ ഇക്കാര്യമറിയിച്ചത്.വണ്ടിപ്പെരിയാർ എച്ച്‌പിസി പുറമ്ബോക്ക് കോളനിയിലെ പൊന്നമ്മ എന്ന 90കാരിയാണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വന്നതോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

 

സതീശൻ വിളിച്ചതിനു പിന്നാലെ ഡിസിസിയുടെ നേതൃത്വത്തില്‍ ഒരു മാസത്തെ പെൻഷൻ തുകയും വീട്ടാവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചു കൊടുത്തു. സമരവാർത്ത ശ്രദ്ധയില്‍പെട്ട, മട്ടാഞ്ചേരിയിലെ ജീവകാരുണ്യ പ്രവർത്തകനായ മുകേഷ് ജൈൻ പൊന്നമ്മയെ സന്ദർശിച്ചു വസ്ത്രം, മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവ കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ 3 മാസമായി പൊന്നമ്മയ്ക്ക് ആഹാരം നല്‍കിവരുന്ന സമീപത്തെ ഹോട്ടലിലെ പണവും ഇദ്ദേഹം നല്‍കി. വരുംദിവസങ്ങളിലെ ഭക്ഷണത്തിനുള്ള പണവും അദ്ദേഹം കൈമാറി. അതേസമയം സഹായ വാഗ്ദാനവുമായി ബിജെപിയും രംഗത്തെത്തി. പെൻഷൻ കിട്ടുന്നതുവരെ സഹായം നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.സന്തോഷ്‌കുമാർ അറിയിച്ചു.

 

ബുധനാഴ്ച വൈകിട്ടാണു പൊന്നമ്മ ഒന്നര മണിക്കൂർ നേരം റോഡില്‍ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചത്. ഒറ്റമുറി വീട്ടില്‍ മകൻ മായനൊപ്പമാണു താമസം.