ഫ്‌ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും; ഹീരാ കണ്‍സ്ട്രക്ഷന്‍സിന്റെ സാമ്പത്തിക പ്രതിസന്ധി പുറത്ത് വന്നത് നോട്ട് നിരോധനത്തിന് ശേഷം; കുടുംബസ്വത്തായി കൊണ്ടുനടന്ന കമ്പനി ഒടുവില്‍ പാപ്പരാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍, ഹീര കണ്‍സ്ട്രക്ഷന്‍സ് ഉടമ ബാബു റിമാന്‍ഡില്‍ തുടരും. ഹീരാ ബാബു എന്ന അബ്ദുള്‍ റഷീദിന്റെ അഞ്ച് ജാമ്യ ഹര്‍ജികളും ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.എന്‍.അജിത് കുമാര്‍ തള്ളിയിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹീരാബാബു ജാമ്യത്തിന് ശ്രമിച്ചത്. ആശുപത്രിവാസം തേടുകയും ചെയ്തു. എന്നാല്‍ പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ആശുപത്രി പി.ആര്‍.ഒ യുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ജി.പി ജയകൃഷ്ണന്‍ പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹര്‍ജിയുമായി വീണ്ടും എത്തിയത്. ഇതും കോടതി തള്ളുകയായിരുന്നു. ഇതോടെ ഹീരാ ബാബു റിമാന്‍ഡില്‍ തുടരും. നവംബര്‍ മാസത്തിലായിരുന്നു അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ല്‍ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ നിയമ നടപടികള്‍ തുടങ്ങിരുന്നു. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിന്‍, റസ്വിന്‍ എന്നിവരാണ് കമ്ബനിയിലെ മറ്റ് ഡയറക്ടര്‍മാര്‍. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്.
ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ അടക്കമുള്ളവരായിരുന്നു പരാതിക്കാര്‍. സംസ്ഥാനത്ത് ആകെ അറുന്നൂറ് കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ് പൊലീസ് കേസ്. ശാസ്തമംഗലത്തു നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തില്‍ ഫ്ളാറ്റ് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. നിര്‍മ്മാണാനുമതി ഇല്ലാതിരുന്ന പതിനെട്ടാം നിലയില്‍ ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കാമെന്നു വാഗ്ദാനം ചെയ്താണ് പലരില്‍നിന്നും പണം തട്ടിയെടുത്തത്. ഇതിനായി 2013-ല്‍ ഉപഭോക്താക്കളുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.
1991ലാണ് ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിച്ചത്. അതിന് ശേഷം 1995ല്‍ ഹീരാ സമ്മര്‍ ഹോളിഡേ ഹോംസും രൂപീകരിച്ചു. ബാക്കിയെല്ലാ കമ്പനികളും 2007ന് ശേഷമാണ് രൂപീകരിച്ചത്. കമ്പനിയിലെ പ്രതിസന്ധി തുടങ്ങിയ ശേഷവും നിരവധി കണ്‍സ്ട്രക്ഷന്‍ കമ്ബനികള്‍ ഹീരാ ബാബു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലും ഹീരാ ബാബുവും കുടുംബംഗങ്ങളുമാണ് ഡയറക്ടര്‍മാരായുള്ളത്. നോട്ട് നിരോധനത്തോടെയാണ് ഹീരാ ബാബു പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന കെഎഫ്സി ഹീരയില്‍ നിന്നും തിരിച്ചു കിട്ടാനുള്ള തുകയ്ക്കായി ലേല നടപടികള്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി പുറത്തു വന്നത്. വായ്പാ കുടിശികയെത്തുടര്‍ന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍(കെ.എഫ്.സി) ജപ്തി ചെയ്ത കേരളത്തിലെ പ്രമുഖ ഫ്ളാറ്റ് നിര്‍മ്മാതാക്കാളായ ഹീരയുടെ തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്‌റ്റൈല്‍ എന്ന ബഹുനില വ്യാപാര സമുച്ചയം ലേലത്തിന് വച്ചു. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒന്‍പത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.
വായ്പാ തിരിച്ചടവില്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് 2015 ഒക്ടോബര്‍ 16-ന് ആണ് കെ.എഫ്.സി ഹീര ഗ്രൂപ്പിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പലിശ അടയ്ക്കാന്‍ ഹീരാ ബാബു തയാറായില്ല. ഇതേത്തുടര്‍ന്ന് 2016 ജനുവരി 13- ജപ്തി നോട്ടീസ് നല്‍കുകയും ഈ വാണിജ്യ സമുച്ചയം കെ.എഫ്.സി ഏറ്റെടുക്കുകയുമായിരുന്നു.
കെ.എഫ്.സിയിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ സംശയാസ്പദ അക്കൗണ്ടുകളാക്കി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ഹീരാ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങള്‍, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങള്‍ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂര്‍ വില്ലേജിലാണ് സ്ഥലങ്ങള്‍. ഹീര ലൈഫ് സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയുടെ ഒരു ലോണും 16 കോടി 2 ലക്ഷം രൂപയുടെ മറ്റൊരു ലോണുമാണ് ഹീരാ ബാങ്കില്‍ നിന്ന് എടുത്തിരുന്നത്.
നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് സൂചന. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടര്‍ന്ന് ഹീരയുടെ നാല് സ്ഥലങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കും ജപ്തി ചെയ്തിരുന്നു.
ഗോവ ആസ്ഥാനമായുള്ള ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരത്താണ്. ഹീരാ ഗ്രൂപ്പിന്റെ അമരക്കാരനായ ഡോ.ബാബു സ്വന്തം ജില്ലയായ തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളേജ് അടക്കം സ്ഥാപിച്ചിരുന്നു. കുടുംബവുമൊത്ത് തിരുവനന്തപുരത്ത് കവടിയാറിലാണ് ഡോ.ബാബു താമസിച്ചിരുന്നത്.
സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ അതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹര്‍ജികള്‍ തള്ളിയത്. കേസ് വിവരങ്ങള്‍ പരിശോധിക്കാന്‍ കസ് ഡയറി ഹാജരാക്കാതിരുന്ന മ്യൂസിയം സിഐ. ആര്‍.ഇ.രതീന്ദ്രനെ കോടതി നേരിട്ട് വിളിച്ചുവരുത്തി ശാസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി. ജാമ്യത്തിനായി ഇനി ബാബു ഹൈക്കോടതിയെ സമീപിക്കും.