ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍;  എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍; എം എൽ എ പണിയെന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖജീവിതം എന്നാണോ? ആര് ആരോട് പറയാൻ?

ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍; എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍; എം എൽ എ പണിയെന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖജീവിതം എന്നാണോ? ആര് ആരോട് പറയാൻ?

Spread the love

ഏ. കെ. ശ്രീകുമാർ

കോട്ടയം: ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായി എന്നകാര്യത്തിലും തര്‍ക്കമില്ല.
സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരസ്യത്തില്‍ തട്ടി നടക്കാന്‍ വയ്യെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യക്തിപരമായി ഇവിടുത്തെ സേവനങ്ങളോട് പത്യമില്ല. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിനായി ലക്ഷങ്ങളാണ് ഇവര്‍ എഴുതിയെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എംഎല്‍എമാരോ മന്ത്രിമാരോ ചികിത്സ തേടിയിട്ടില്ലെന്ന് തേര്‍ഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖയില്‍ നിന്നും വ്യക്തമാണ്.

മന്ത്രിമാരുടെ ചികിത്സയുടെ ചിലവ് സംബന്ധിച്ചുള്ള വിവരം തേര്‍ഡ് ഐ ന്യൂസ് ലൈവ് വിവരാവകാശ രേഖകളിലൂടെയാണ് കണ്ടെത്തിയത്. കോവിഡ് കാലത്തിന് തൊട്ട് മുന്‍പ് വരെ ഏറ്റവും കൂടുതല്‍ തുക ചികിത്സയ്ക്കായി ചിലവഴിച്ചവരില്‍ മുന്‍പന്തിയില്‍ മന്ത്രിമാരായ തോമസ് ഐസക്കും വി.എസ് സുനില്‍കുമാറുമാണ് .മന്ത്രി തോമസ് ഐസക്ക് 6.85 ലക്ഷവും സുനില്‍കുമാര്‍ 6.04 ലക്ഷം രൂപയുമാണ് ചിലവഴിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന്റെ ആരോഗ്യരംഗത്തെപ്പറ്റി ബിബിസിയില്‍ ഉള്‍പ്പെടെ വാചാലയാകുന്ന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ 5.34 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ചിലവഴിച്ചിരിക്കുന്നത്. അധികാരത്തില്‍ കയറിയ 2016 ല്‍ മന്ത്രി കെ.കെ ശൈലജ 2.44 ലക്ഷം രൂപ ചികിത്സാ ഇനത്തില്‍ ചിലവഴിച്ചിട്ടുണ്ട്. 2017 ല്‍ 1.37 ലക്ഷവും, 2018 ല്‍ 77,224 രൂപയും, 2019 ല്‍ 75,087 രൂപയുമാണ് ചികിത്സയ്ക്കായി മന്ത്രി കെ.കെ ശൈലജ ചിലവഴിച്ചിരിക്കുന്നത്. വിദേശത്ത് ഉള്‍പ്പെടെ ചികിത്സ തേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 2.76 ലക്ഷം രൂപയാണ് ആകെ ചിലവഴിച്ചിരിക്കുന്നത്. 16,663 രൂപ 2016 ലും, 62,265 രൂപ 2017 ലും, 1.55 ലക്ഷം രൂപ 2018 ലും, 41,262 രൂപ 2019 ലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചിലവഴിച്ചിട്ടുണ്ട്.

മന്ത്രിമാരില്‍ ചികിത്സാ ചിലവില്‍ അല്‍പം കുറവുള്ളത് മന്ത്രിമാരായ എ.കെ ശശീന്ദ്രനും, കെ.ടി ജലീലും, എ.കെ ബാലനും, ഇന്ദ്രശേഖരനും, ഇ.പി ജയരാജനും മാത്രമാണ്. ഇവര്‍ അഞ്ചു പേരും മാത്രമാണ് ഒരു ലക്ഷം രൂപയില്‍ താഴെ ചികിത്സാ ഇനത്തില്‍ എഴുതി എടുത്തിരിക്കുന്നത്. 2017 ല്‍ 10,145 രൂപ ചികിത്സാ ഇനത്തില്‍ ചിലവഴിച്ചത് മാത്രമാണ് എ.കെ ശശീന്ദ്രന്റെ ചികിത്സാ പട്ടികയില്‍ ഉള്ളത്. നാലു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും മന്ത്രി എ.കെ ബാലന്റെ പട്ടികയില്‍ 53,398 രൂപ മാത്രമാണ് ചിലവഴിച്ചിരിക്കുന്നത്. 16,458 രൂപ 2017 ലും, 23,707 രൂപ 2018 ലും, 12,233 രൂപ 2019 ലും എ.കെ ബാലന്‍ ചിലവഴിച്ചിരിക്കുന്നത്.

ഇ.ചന്ദ്രശേഖരന്‍ ആകെ 69,338 രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. 2016 ല്‍ 5000 രൂപയും, 2017 ല്‍ 23,443 രൂപയും, 2018 ല്‍ 19,740 രൂപയും, 2019 ല്‍ 21,155 രൂപയുമാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചിലവഴിച്ചിരിക്കുന്നത്. മന്ത്രി കെ.ടി ജലീല്‍ 2017 ല്‍ 73,790 രൂപ മാത്രമാണ് ആകെ ചികിത്സാ ചിലവ് ഇനത്തില്‍ ചിലവഴിച്ചിരിക്കുന്നത്. 2019 ല്‍ മാത്രം അധികാരം ഏറ്റെടുത്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഈ ഒറ്റ വര്‍ഷം കൊണ്ട് 3.88 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്.

വനംമന്ത്രി കെ.രാജു നാലു വര്‍ഷം കൊണ്ട് 5.83 ലക്ഷം രൂപയും, മന്ത്രി മേഴ്സിക്കുട്ടിയമ്മ 4.50 ലക്ഷം രൂപയും, മന്ത്രി എം.എം മണി 1.02 ലക്ഷം രൂപയും, മന്ത്രി ടി.പി രാമകൃഷ്ണന്‍ 4.24 ലക്ഷം രൂപയും, മന്ത്രിമാത്യു ടി തോമസ് 1.82 ലക്ഷം രൂപയും, രാമചന്ദ്രന്‍ കടന്നപ്പള്ളി 2.10 ലക്ഷം രൂപയും, മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ 5.04 ലക്ഷം രൂപയും, മന്ത്രി പി.തിലോത്തമന്‍ 1.12 ലക്ഷം രൂപയുമാണ് ചിലവഴിച്ചിരിക്കുന്നത്.

സാധാരണക്കാരന്‍ നികുതി നല്‍കുന്നതില്‍ നിന്നും 4,94,76,344 കോടി രൂപയാണ് എംഎല്‍എമാരുടെ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചിരിക്കുന്നത്. ഇതില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് എന്നിവര്‍ വിദേശ ചികിത്സ ആശ്രയിച്ചിട്ടുണ്ട്. വിദേശ ചികിത്സയ്ക്കായി ഡോ.എം.കെ മുനീര്‍ എം.എല്‍.എ 13,81,009 രൂപയും മുന്‍ എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് 377,909 രൂപയും ചെലവഴിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും, ജനറല്‍ ആശുപത്രികളിലും ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും മന്ത്രിമാര്‍ ലക്ഷങ്ങളാണ് ചികിത്സാ ചിലവ് ഇനത്തില്‍ എഴുതിയെടുത്തിരിക്കുന്നതെന്ന് വ്യക്തം. പതിനായിരം രൂപ മുതല്‍ രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ട്. ഈ പതിനായിരം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി എടുത്താന്‍ ഒരു വര്‍ഷം സുഖമായി സ്വകാര്യ ആശുപത്രിയികളില്‍ ചികിത്സ ലഭിക്കുന്ന സംവിധാനം രാജ്യത്ത് ലഭ്യമാണ്. എങ്കിലും യാതൊരു മാനദണ്ഡവുമില്ലാതെ ലക്ഷങ്ങള്‍ ചികിത്സാ ചിലവായി എഴുതിയെടുക്കുന്നത് ഇവര്‍ക്കെല്ലാം ശീലത്തിന്റെ ഭാഗം കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചികില്‍സ നല്‍കി കൊറോണാ ബാധിതരുടെ ഉള്‍പ്പെടെ ജീവന്‍ രക്ഷിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും, ജില്ലാ ആശുപത്രികളുമുള്ളപ്പോള്‍ മന്ത്രിമാര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിന് പിന്നില്‍ അഴിമതിയല്ലാതെ വേറെയെന്താണ്…?