video
play-sharp-fill
വിലക്കയറ്റത്തിനെതിരെ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്റെ ‘രാപ്പകല്‍ പ്രതിഷേധജ്വാല

വിലക്കയറ്റത്തിനെതിരെ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്റെ ‘രാപ്പകല്‍ പ്രതിഷേധജ്വാല

സ്വന്തം ലേഖകൻ

കൊച്ചി: അവശ്യ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ (എകെസിഎ) സംസ്ഥാന കമ്മിറ്റിയുടെയും എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ രാപ്പകല്‍ പ്രതിഷേധജ്വാല നടന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എകെസിഎ അംഗങ്ങള്‍ അണിനിരന്ന പ്രതിഷേധജ്വാല ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനം, ജിഎസ്ടി, പ്രകൃതിക്ഷോഭം എന്നിവ മൂലം കടുത്ത പ്രതിസന്ധിയിലായ കേറ്ററിംഗ് ഉള്‍പ്പെടെയുള്ള വ്യവസായ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്‌മെന്റ് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി എകെസിഎ അംഗങ്ങള്‍ സമരവേദിയില്‍ സവാളയില്ലാതെ ബിരിയാണി ഉണ്ടാക്കി. ഇതിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ.ജെ. മാക്‌സി, സിനിമാ താരം ആലപ്പി അഷറഫ്, എകെസിഎ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. വര്‍ഗീസ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിബി പീറ്റര്‍, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റോബിന്‍ കെ. പോള്‍ തുടങ്ങി എകെസിഎയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, ലൈസന്‍സില്ലാതെ അനധികൃതമായി കേറ്ററിംഗ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക, ഭക്ഷ്യ മേഖലയെ സംരക്ഷിക്കുക, കേറ്ററിംഗ് വ്യവസായത്തെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കുക, കേറ്ററിംഗ് വ്യവസായത്തെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്.