
സ്വന്തം ലേഖകൻ
പത്തനംതിട്ട: കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കടമ്പനാട് ചിത്രാലയത്തില്‍ ഷിബു നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാർ വാങ്ങുന്നതിനായി 2017 ല്‍ അടൂർ എച്ച്.ഡി.എഫ്.സി ശാഖയില്‍ നിന്ന് ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോണ്‍ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ പ്രകാരം 92 തവണകളായിട്ടാണ് തിരിച്ചടവ് നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വരെ തിരിച്ചടവിന് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍, 2023 ല്‍ ഷിബു ശേഷിച്ച തുകയും പലിശയും സഹിതം 21,53,247 രൂപ അടച്ച് വായ്പ തീർത്തു. കൂടുതല്‍ തുക ഈടാക്കിയെന്ന് സംശയം തോന്നിയ ഷിബു ബാങ്കില്‍ ചെന്നപ്പോള്‍ 73,295 രൂപ പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയെന്ന് വ്യക്തമായി.
ഇതിനെതിരേയാണ് ഷിബു ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെയും എതിർകക്ഷിയായ ബാങ്കിന്റെയും വാദങ്ങള്‍ കേട്ട കമ്മിഷൻ റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് നിയമ വിരുദ്ധമായി ഈടാക്കിയ 73,295 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് 88,925 രൂപ ഷിബുവിന് എച്ച്.ഡി.എഫ്.സി നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.