video
play-sharp-fill
അന്ന് മന്ധര്‍ദേവിക്ഷേത്ര ദുരന്തത്തില്‍ 340 പേര്‍, പുല്ലുമേട്ടില്‍ 102; ഇന്നലെ ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി; തീരാതെ തിരക്കുമൂലമുള്ള ദുരന്തങ്ങള്‍

അന്ന് മന്ധര്‍ദേവിക്ഷേത്ര ദുരന്തത്തില്‍ 340 പേര്‍, പുല്ലുമേട്ടില്‍ 102; ഇന്നലെ ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി; തീരാതെ തിരക്കുമൂലമുള്ള ദുരന്തങ്ങള്‍

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹാഥ്റസില്‍ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൻറെ ഞെട്ടലിലാണ് രാജ്യം.

മത ചടങ്ങുകളുമായി ബന്ധപ്പെട്ട് തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങള്‍ മുമ്ബും നിരവധി സംഭവിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയാതെവരുന്നതും ബോംബ് വെച്ചിട്ടുണ്ടെന്നും പാലം തകരുമെന്നുള്ള അഭ്യൂഹങ്ങളും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കേരളത്തിലെ പുല്ലുമേട് ദുരന്തവും അത്രപെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ധർദേവി ക്ഷേത്ര ദുരന്തം

2005 ജനുവരി 25ന് മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മന്ധർദേവി ക്ഷേത്രത്തില്‍ വാർഷിക തീർഥാടനത്തിനിടെ തിക്കും തിരക്കും രൂപപ്പെട്ട് 340 ഭക്തരാണ് മരണപ്പെട്ടത്. ഭക്തർ നാളികേരം ഉടയ്ക്കുന്നതിനിടെ വഴുക്കലുണ്ടായ പടിയില്‍ ചിലർ വീണതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.

ജോധ്പുർ ദുരന്തം

2008 സെപ്തംബർ 30-ന് രാജസ്ഥാനിലെ ജോധ്പുർ നഗരത്തിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 250 ഭക്തർ മരണപ്പെടുകയും 60-ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദാതിയ ദുരന്തം

2013 ഒക്ടോബർ 13 നാണ് 115 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടാകുന്നത്. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഡ് ക്ഷേത്രത്തിന് സമീപം നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. ഭക്തർ കടന്നുപോകുന്ന പാലം തകരുമെന്ന അഭ്യൂഹമാണ് തിക്കും തിരക്കും ഉണ്ടാക്കിയത്.

പുല്ലുമേട് ദുരന്തം

തിക്കിലുംതിരക്കിലുംപെട്ട് ആളുകള്‍ക്കു ജീവൻ നഷ്ടമാകുന്നത് കേരളത്തില്‍ അപൂർവമാണ്. എന്നാല്‍, 2011 ജനുവരിയില്‍ കേരളത്തെ നടുക്കി പുല്ലുമേട് ദുരന്തമുണ്ടായി. പുല്ലുമേട്ടില്‍ മകരവിളക്ക് ദർശനത്തിനെത്തിയവരുടെ തിക്കിലുംതിരക്കിലുംപെട്ട് 102 ശബരിമലതീർഥാടകരാണ് മരിച്ചത്. മകരജ്യോതി ദർശനംനടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

2011 ജനുവരി 15-ന് രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറോളംപേർക്ക് പരിക്കേറ്റു. ഏഴു മലയാളികളും 85 ഇതരസംസ്ഥാന തീർഥാടകരും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മരിച്ചത്. തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ് ചവിട്ടേറ്റാണ് എല്ലാവരും മരിച്ചത്. മൂന്നുലക്ഷത്തോളം തീർഥാടകരാണ് അന്ന് മകരജ്യോതി ദർശനത്തിനു പുല്ലുമേട്ടിലെത്തിയത്. തിരക്കുനിയന്ത്രിക്കാൻ ആവശ്യത്തിനു പോലീസുകാരില്ലാത്തതും അപകടത്തിന്റെ ആക്കംകൂട്ടി.

ഇന്ദോർ ദുരന്തം

2023 മാർച്ച്‌ 31-നാണ് ഇന്ദോറിലെ പട്ടേല്‍ നഗറിലെ ബെലേശ്വർ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തില്‍ രാമനവമി ആഘോഷത്തിനിടെയാണ് ക്ഷേത്രക്കിണർ മൂടിയ കോണ്‍ക്രീറ്റ് മേല്‍ത്തട്ട് തകർന്നുണ്ടായ അപകടത്തില്‍ 36 പേർ മരിച്ചത്. രാമനവമി ചടങ്ങിനിടെ ഭക്തരുടെ തിരക്കില്‍ ഭാരം താങ്ങാനാവാതെ കിണറിന്റെ മേല്‍ത്തട്ട് തകരുകയായിരുന്നു. അൻപതിലേറെപ്പേർ കൂട്ടത്തോടെ കിണറില്‍ പതിച്ചു. തുടക്കത്തില്‍ രക്ഷാപ്രവർത്തനത്തിന് നേരിട്ട ബുദ്ധിമുട്ട് മരണസംഖ്യ ഉയരാനിടയാക്കി. കിണറിലെ വെള്ളം പമ്ബുചെയ്ത് പുറത്തുകളഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പട്ന ദുരന്തം

2014 ഒക്ടോബർ മൂന്നിന് ദസറ ആഘോഷങ്ങള്‍ക്കിടയില്‍ പട്ന ഗാന്ധി മൈതാനത്ത് തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചിരുന്നു. “രാവണവധം” ചടങ്ങ് കണ്ട് ആളുകള്‍ മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

രാജമുന്ദ്രി ദുരന്തം

2015 ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയില്‍ പുഷ്കരം ഉത്സവസമയത്ത് ഗോദാവരി നദിയുടെ തീരത്തെ പ്രധാന കുളിക്കടവിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 തീർഥാടകർ മരണപ്പെട്ടത്. 12 വർഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങില്‍ വലിയ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലുംപ്പെട്ട് ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചത്.

പട്ന ഛാഠ് പൂജ

2012 നവംബർ 19 ന് പട്നയില്‍ ഗംഗാ നദിയുടെ തീരത്തുള്ള അഡാലത്ത് ഘട്ടില്‍ ഛാഠ് പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹർ-കി-പൗരി ഘട്ട് ദുരന്തം

2011 നവംബർ എട്ടിന് ഹരിദ്വാറില്‍ ഗംഗാ നദിയുടെ തീരത്തുള്ള ഹർ-കി-പൗരി ഘട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 20 പേർ മരിച്ചു.

മാതാ വൈഷ്ണോ ദേവി ക്ഷേത്ര അപകടം

ജമ്മു കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലുംതിരക്കിലും പെട്ട് 12 പേർ മരിച്ച ദുരന്ത വാർത്തയോടെയായിരുന്നു 2022 പുതുവർഷത്തിന്റെ തുടക്കം. ത്രികുട മലയിലെ ക്ഷേത്രത്തില്‍ പുതുവർഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്. പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തർ ക്ഷേത്ര ഭവനില്‍ പ്രവേശിച്ചത് വാക്കുതർക്കങ്ങള്‍ക്കും തുടർന്ന് ഉന്തും തള്ളിലും കലാശിച്ചു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്.