24 കോടിയുടെ ഹാഷിഷുമായി പിടിയിലായത് കേരളത്തിലെ ഒന്നാം നമ്പർ ലഹരികടത്തുകാരൻ; ഹാഷിഷ് വിദേശത്തേയ്ക്ക് കടത്തുന്നത് അച്ചാർ കുപ്പിയിൽ അടക്കം ഒളിപ്പിച്ച്
സ്വന്തം ലേഖകൻ
കൊച്ചി: വിദേശ വിപണിയിൽ കോടികൾ വിലവരുന്ന ഹാഷിഷ് ഓയിൽ കടത്താൻ പ്രതികൾക്ക് തുണ അച്ചാർ..! വിമാനത്തിൽ വിദേശത്തേയ്ക്ക് കടത്തുന്ന ഹാഷിഷ് ഓയിൽ പിടിക്കാൻ പലപ്പോഴും എക്‌സൈസിനോ വിമാനത്താവള അധികൃതർക്കോ സാധിക്കാറുമില്ല. മാങ്ങാ നാരങ്ങാ അച്ചാറിന്റെ പെട്ടികളിലാണ് പ്രതികൾ ഹാഷിഷ് നിറയ്ക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ അച്ചാറുകൾ വിദേശത്തേയ്ക്ക് കയറ്റിയയക്കും. ഈ ബ്രാൻഡുകൾ പെട്ടിയിൽ നിറച്ച ശേഷമാണ് ഹാഷിഷ് ഇതിന്റെ ഇടയിൽ വയ്ക്കുക. അച്ചാർ കുപ്പിയ്ക്ക് ഇടയിൽ ഹാഷിഷ് ഇരിക്കുന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ സാധിക്കാറുമില്ല. അതുകൊണ്ടു തന്നെ ഹാഷിഷ് സുഖമായി വിദേശത്തേയ്ക്ക് കയറിപ്പോകും.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 24 കിലോഗ്രാം ഹഷീഷ് ഓയിലുമായി പിടിയിലായ അനുപ് ജോർജിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകൾ പുറത്ത് വന്നത്. കാറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
ആന്ധ്രപ്രദേശ് റജിസ്ട്രേഷനുള്ള കാർ 30നു രാത്രി പന്ത്രണ്ടരയോടെ പൊള്ളാച്ചി റോഡിലെ നോമ്പിക്കോട് എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണു പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റു 3 പേർ കടന്നു കളഞ്ഞു. പിടികൂടിയ ഹഷീഷിനു രാജ്യാന്തര വിപണിയിൽ 24 കോടി രൂപ വില വരും. സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ടയാണ് ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രപ്രദേശിലെ ടൂണിയിൽ നിന്നാണ് ഇവർ ഹഷീഷ് വാങ്ങിയത്. മുന്നാറിൽ എത്തിച്ചു തുടർന്ന് വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. ഇടുക്കിയിൽ 1.5 ലക്ഷം രൂപ വരെ നൽകി ലഹരി വാങ്ങാൻ ആളുണ്ടെന്നു പ്രതി പറഞ്ഞു. ടൂണിയിൽ നിന്നു 35000 രൂപയ്ക്കാണ് ഇവർ വാങ്ങിയത്. പിടിയിലായ അനൂപ് ജോർജ് നേരത്തെ കഞ്ചാവു കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ആന്ധ്രയിലെ ടൂണിയിൽ നിന്ന് ഇടുക്കിയിലെത്തിക്കുന്ന ഹഷിഷിന് കേരളത്തിൽ 1.5 ലക്ഷം രൂപവരെ വിലയുണ്ട്. എന്നാൽ ഇവ വിദേശത്ത് എത്തുമ്പോൾ കിലോഗ്രാമിന് 1 കോടി രൂപ വില വരെ ലഭിക്കും. ഇടുക്കി സ്വദേശികളായ നൂറോളം പേർ കടത്തുകാരായി ആന്ധ്രയിൽ തമ്ബടിച്ചിട്ടുണ്ടെന്നു എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.