play-sharp-fill
കാസർകോട് കൊലപാതകം: ഹർത്താലിൽ പരക്കെ അക്രമം; ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കാസർകോട് കൊലപാതകം: ഹർത്താലിൽ പരക്കെ അക്രമം; ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ അക്രമം. ഇതിനിടെ മുന്നറിയിപ്പ് നോട്ടീസില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. വിഷയത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കാസർകോട് ജില്ലയിൽ കോൺഗ്രസും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

കാസർകോട് പെരിയയിൽ കൃപേഷ്, ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കാസർകോട് ഹർത്താൽ സമാധാനപരമാണ്. ജില്ലയിൽ അക്രമങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹർത്താലിനെക്കുറിച്ച് അറിയാൻ ജനങ്ങൾ വൈകിയതിനാൽ അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും ജില്ലയിൽ സർവ്വീസ് തുടങ്ങിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കോഴിക്കോട് പന്തീർപ്പാടത്ത് രണ്ട് കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വയനാട്ടിലേക്ക് പോകുകയായിരുന്നു ബസുകൾക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

അതേസമയം തിരുവനന്തപുരം കിളിമാനൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസ് തടഞ്ഞു.
തിരുവനന്തപുരം കല്ലറയിൽ കട തുറന്ന വ്യാപാരിയ്ക്ക് നേരെ ആക്രമണം ഉണ്ടായി. ഒരു വിഭാഗം പ്രവർത്തകർ കട അടപ്പിക്കാൻ നടത്തിയ ശ്രമം അക്രമത്തിൽ കലാശിക്കുകയായുരുന്നു.
ഇതിനിടെ മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോടതി വിധി ലംഘിച്ച് ഹർത്താൽ പ്രഖ്യാപിച്ച ഡീനിനെതിരെ കേസ് എടുക്കുന്നത് അടക്കമുള്ള നടപടികൾ ആരംഭിച്ചേക്കും. എന്നാൽ, കേസെടുത്താലും ഇതിനെ നേരിടാൻ തയ്യാറാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചു.