play-sharp-fill
ഹർത്താൽ തള്ളിക്കളഞ്ഞ് ജനം: നേരം പുലരും മുൻപ് തന്നെ നിരത്തിലിറങ്ങി ജനം; വാഹനം തടയാൻ ഒരു ബിജെപി സംഘപരിവാറുകാരൻ പോലുമില്ല; നേതാക്കളുടെ ഹർത്താൽ ആഹ്വാനം അണികൾ തള്ളിക്കളഞ്ഞു : ഹർത്താലിൽ വലഞ്ഞത് പൊലീസും സാധാരണക്കാരും; കോട്ടയം നഗരത്തിൽ നാല് പെട്രോൾ പമ്പുകൾ തുറന്നു; പിന്നെ അടച്ചു

ഹർത്താൽ തള്ളിക്കളഞ്ഞ് ജനം: നേരം പുലരും മുൻപ് തന്നെ നിരത്തിലിറങ്ങി ജനം; വാഹനം തടയാൻ ഒരു ബിജെപി സംഘപരിവാറുകാരൻ പോലുമില്ല; നേതാക്കളുടെ ഹർത്താൽ ആഹ്വാനം അണികൾ തള്ളിക്കളഞ്ഞു : ഹർത്താലിൽ വലഞ്ഞത് പൊലീസും സാധാരണക്കാരും; കോട്ടയം നഗരത്തിൽ നാല് പെട്രോൾ പമ്പുകൾ തുറന്നു; പിന്നെ അടച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുവനന്തപുരത്ത് ബിജെപി സമരപന്തലിനു മുന്നിൽ അയ്യപ്പഭക്തൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ജനവും ബിജെപി അണികളും തള്ളിക്കളഞ്ഞു. ഹർത്താലിനു സുരക്ഷ ഒരുക്കാൻ പുലർച്ചെ മുതൽ കാവൽ നിന്ന പൊലീസുകാരും ദീർഘദൂര യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ സാധാരണക്കാരും മാത്രമാണ് വലഞ്ഞത്.

സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തി. കോട്ടയം മാർക്കറ്റ് പുലർച്ചെ മൂന്നു മണി മുതൽ സജീവവുമായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നടത്തുന്ന സമര പന്തലിനു മുന്നിൽ തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലൻ നായർ പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതെന്നായിരുന്നു ബിജെപിയുടെ വാദം. ഇതേ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകായി ഹർത്താൽ ആഹ്വാനം ചെയ്തത്. എന്നാൽ, ഹർത്താലിനെതിരെ വ്യാപകമായ എതിർപ്പാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരിക്കുന്നത്. എന്നാൽ, ബിജെപിയുടെ ഹർത്താൽ കോട്ടയം നഗരത്തിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.


കോട്ടയം നഗരത്തിലെ മാർക്കറ്റ് പുലർച്ചെ നാലു മണി മുതൽ പ്രവർത്തന സജ്ജമായിരുന്നു. പതിവിലുമേറെ തിരക്കും ഈ സമയത്തെല്ലാമുണ്ടായിരുന്നു. എന്നാൽ, രാവിലെ മാർക്കറ്റിൽ തുറന്ന് പ്രവർത്തിച്ച കടകളും അപൂർവം ചില ഹോട്ടലുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെ ആറു മണി മുതൽ തന്നെ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നഗത്തിൽ സർവീസ് നടത്തിയിരുന്നു. ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആറു മണി മുതൽ തന്നെ വൻ പൊലസ് സംഘം വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജോലിയ്‌ക്കെത്തിയ പൊലീസുകാരാണ് ശരിക്കും വലഞ്ഞത്.


പച്ചവെള്ളം പോലും കുടിക്കാൻ ലഭിക്കാതെ വന്നതോടെ ഇവർക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശാനുസരണം കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഈസ്റ്റ് സിഐ ടി.ആർ ജിജു, വെസ്റ്റ് സിഐ നിർമ്മൽ ബോസ്, ഏറ്റുമാനൂർ സിഐ എ.ജെ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹർത്താലിന് സുരക്ഷ ഒരുക്കിയിരുന്നത്.
അക്രമ ഭീഷണി ഭയന്ന് സ്വകാര്യ ബസുകളും കെഎസ്ആർടിസിയും നിരത്തിലിറക്കാതിരുന്നത് യാത്രക്കാരെ വലച്ചു. പതിവ് ഹർത്താലുകളുമായി സഹകരിക്കുന്ന ഓട്ടോ ഡ്രൈവർമാർ ഇക്കുറി നഗരത്തിൽ ഓടാനെത്തിയതാണ് ബിജെപിയെ ഞെട്ടിച്ചത്. ബേക്കർ ജംഗ്ഷനിലും, കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും പത്തിലേറെ ഓട്ടോ ഡ്രൈവർമാരാണ് ഹർത്താൽ ദിനത്തിലും ഓടാനെത്തിയത്.

എന്നാൽ, ഏറെ അത്ഭുതമായത് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിനോട് എതിർക്കുന്ന സമീപനമാണ് ബിജെപിയുടെ ജില്ലയിലെ പ്രവർത്തകർ സ്വീകരിച്ചിരുന്നത്. ഒരിടത്തും വാഹനങ്ങൾ തടയാനോ കടകൾ അടയ്ക്കാനോ പ്രവർത്തകർ ഇറങ്ങിയിരുന്നില്ല. ഗ്രാമ പ്രദേശങ്ങളിൽ പോലും കാര്യമായ ബിജെപി പ്രവർത്തകരുടെ പ്രതികരണം ഉണ്ടായിരുന്നില്ല.
ഇതിനിടെ കോട്ടയം നഗരത്തിൽ മൂ്ന്നിടത്ത് രാവിലെ പത്തു മണി വരെ മൂന്ന് പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. പ്ലാന്റേഷന് സമീപത്തെയും, കളക്ടറേറ്റിനു സമീപത്തെയും , ബസേലിയസ് കോളേജിന് സമീപത്തെയും പമ്പുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ഹർത്താലിന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ നഗരത്തിൽ 11 മണിയോടെ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പമ്പുകൾ അടയ്ക്കാൻ തീരുമാനിച്ചത്.

റെയിൽവേ സ്റ്റേഷനിലെത്തിയ അയ്യപ്പഭക്തർക്ക് ആശ്വാസമായത് വനിതാ പൊലീസുകാരുടെ വാഹനമാണ്. റെയിൽവേ സ്‌റ്റേഷനിലും നാഗമ്പടം ബസ് സ്റ്റാൻഡിലും എത്തിയ അയ്യപ്പഭക്തരെ ഇവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പൊലീസ് വാഹനത്തിൽ ആണ് എത്തിച്ചത്. ഇതിനായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് വാഹനങ്ങളും ക്രമീകരിച്ചിരുന്നു.

കോട്ടയം പച്ചക്കറി മാർക്കറ്റിലെ തിരക്ക്