അയ്യപ്പഭക്തരുടെ ഹർത്താൽ തുടങ്ങി: പരക്കെ സംഘർഷം; മറിയപ്പള്ളിയിൽ വാഹനങ്ങൾ തടയുന്നു

അയ്യപ്പഭക്തരുടെ ഹർത്താൽ തുടങ്ങി: പരക്കെ സംഘർഷം; മറിയപ്പള്ളിയിൽ വാഹനങ്ങൾ തടയുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ സംഘർഷം. വിവിധ സ്ഥലങ്ങളിൽ ഹൈന്ദവ സംഘടനകളും അയ്യപ്പഭക്തരും ചേർന്ന് റോഡുകൾ തടയുകയാണ്. പല സ്ഥലങ്ങളിലും റോഡ് തടയൽ സംഘർഷത്തിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര സന്ദർശനത്തിന് എത്തിയ ആളുകളെ പോലും ഹർത്താൽ അനൂകൂലികൾ തടയുന്നുണ്ട്. പല സ്ഥലത്തും ശക്തമായ പൊലീസ് കാവലുണ്ടെങ്കിലും സംഘർഷം തടയാൻ ഈ സാഹചര്യത്തിലും സാധിക്കുന്നില്ല.
കോട്ടയം മറിയപ്പള്ളിയിൽ ആർഎസ്എസ് ശക്തികേന്ദ്രത്തിൽ അയ്യപ്പഭക്തരുടെ പേരിൽ എം.സി റോഡിൽ വാഹനങ്ങൾ തടയുകയാണ്. ഇതുവഴി എത്തിയ വാഹനങ്ങളെല്ലാം തടഞ്ഞിട്ടു. റോഡ് തടയുന്ന വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയതോടെ പ്രവർത്തകരുമായി നേരിയ വാക്ക് തർക്കമുണ്ടായി. പിന്നീട് പൊലീസ് സംഘവുമായി ചർച്ച നടത്തിയെങ്കിലും പ്രവർത്തകർ ഇപ്പോഴും റോഡ് ഉപരോധിക്കുകയാണ്.
കോട്ടയം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നുണ്ട്. വാഹനങ്ങൾ തടയുകയാണ്. ഇരുചക്ര വാഹനങ്ങളടക്കം പ്രവർത്തകർ റോഡ് ഉപരോധിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ വൻ പൊലീസ് സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.