നിനക്കെന്താടാ ഞങ്ങളെ ബഹുമാനമില്ലാത്തതത്, അയ്യപ്പനെ നിനക്ക് പുല്ല് വിലയാണോ..? ഹർത്താൽ അനുകൂലികളുടെ അക്രമം ഡോക്ടറുടെ നേരെ; അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ട് ഡോക്ടറെ ആക്രമിച്ചു; കണ്ടു നിന്ന പൊലീസ് രക്ഷിക്കാനെത്തിയില്ല; പ്രകടനം കഴിഞ്ഞ ശേഷം എത്താമെന്ന് ഡിവൈഎസ്പി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധവുമായി വിവിധ ഹിന്ദു സംഘടനകൾ നടത്തിയ ഹർത്താലിനിടെ അമ്മയുടെയും ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ട് ഡോക്ടറെ മർദിച്ചു. മർദനമേറ്റ ഡോക്ടർ സഹായത്തിനായി സമീപത്തുണ്ടായിരുന്ന പൊലീസ് അധികൃതരെ വിളിച്ചെങ്കിലും ഇവർ എത്തിയില്ല. പൊലീസ് കൺട്രോൾ റൂമിലും, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിനെയും ബന്ധപ്പെട്ടെങ്കിലും ഹർത്താൽ അനുകൂലികളുടെ പ്രകടനം കഴിഞ്ഞ ശേഷം പൊലീസിനെ വിടാമെന്നായിരുന്നു മറുപടി. മർദനത്തിൽ പരിക്കേറ്റ സർക്കാർ ഡോക്ടർ ഡോ.അശോക് എബ്രഹാം വർഗീസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഹർത്താൽ ദിവസമായ വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അക്രമം. മാങ്ങാനത്തു നിന്നും തോട്ടയ്ക്കാട്ടെ സ്വന്തം തറവാട്ട് വീട്ടിലേയ്ക്കു ഇന്നോവ കാറിൽ പോകുകയായിരുന്നു ഡോക്ടറും കുടുംബവും. ഡോക്ടറും ഭാര്യയും, അഞ്ചു വയസും മൂന്നു മാസവും പ്രായമുള്ള കുട്ടികളും ഡോക്ടറുടെയും ഭാര്യയുടെയും മാതാപിതാക്കളുമാണ വാഹനത്തിലുണ്ടായിരുന്നത്. വെട്ടത്തുകവല ഭാഗത്ത് വച്ച് ഒരു സംഘം ഹർത്താൽ അനൂകൂലികൾ വാഹനം തടയുകയായിരുന്നു. തുടർന്ന് കാറിന്റെ അടുത്തെത്തിയ അക്രമി സംഘം ഡോക്ടറുടെ മുഖത്ത് ആഞ്ഞടിച്ചു. കഴുത്തിൽ കുത്തിപ്പിടിച്ച് നിനക്കെന്താടാ ഞങ്ങളെ ഒരു ബഹുമാനമില്ലാത്തത്. അയ്യപ്പനെ എന്താടാ നിനക്ക് പുല്ല് വിലയാണോ..? എന്ന് ആക്രോശിച്ചായിരുന്നു അക്രമം. അസഭ്യം വിളികളും ഭീഷണിയും കേട്ട് വാഹനത്തിനുള്ളിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകളും കരഞ്ഞു നിലവിളിച്ചെങ്കിലും അക്രമികൾ പിടി വിട്ടില്ല.
ഈ സമയമത്രയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് വാഹനം സമീപത്തു തന്നെയുണ്ടായിരുന്നു. അക്രമം കണ്ടിട്ടും ഇവർ സംഭവ സ്ഥലത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. തുടർന്ന് ഡോക്ടർ അശോക് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നമ്പരിൽ ബന്ധപ്പെട്ടു. ഇവിടെ നിന്നാണ് കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ ഫോൺ നമ്പർ ലഭിച്ചത്. ഇദ്ദേഹത്തെ വിളിച്ചെങ്കിലും ആശാവഹമായ പ്രതികരണമുണ്ടായില്ല. പൊലീസ് സഹായം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ അക്രമികളുടെ ഇടയിൽ നിന്നും വാഹനം ഓടിച്ച് രക്ഷപെടുകയായിരുന്നു. തുടർന്ന് ഡോ.അശോക് വൈദ്യ പരിശോധന തേടി. ഉടൻ തന്നെ പൊലീസ് സംഘം എത്തിയിരുന്നെങ്കിൽ അക്രമികളെ പിടികൂടാനാവുമായിരുന്നെന്നും അശോക് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
എന്നാൽ, അക്രമം സംബന്ധിച്ചു രേഖാ മൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയ്യാറായിരുന്നില്ലെന്ന് ഡിവൈഎസ്പി ആർ.ശ്രീകുമാർ അറിയിച്ചു. സംഘർഷം സംബന്ധിച്ചു വിവരം ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥരെ അശോകിന്റെ അടുത്തേയ്ക്ക് അയക്കുമെന്നും അദ്ദേഹം തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.