ഹർത്താലൊരു പ്രശ്‌നമല്ല; നോഹയുടെ പേടകത്തിൽ അനിൽ പറന്നെത്തും; യാത്ര തികച്ചും സൗജന്യം
സ്വന്തം ലേഖകൻ
കോട്ടയം: ആരു തടഞ്ഞാലും ശരി ഹർത്താൽ ദിനത്തിൽ നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് ആശ്രയമായി താനുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർ. നഗരത്തിലെ ഓട്ടോ ഡ്രൈവറായ അനിൽ ആന്റണിയാണ് ഹർത്താൽ ദിനത്തിൽ സൗജന്യ സർവീസ് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് അനിൽ ഈ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേവന സന്നദ്ധതയിൽ കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് വേറിട്ട ഒരു മാതൃകയാകുകയാണ് അനിൽ ആന്റണി ഇപ്പോൾ.
തന്റെ നോഹ എന്ന ഓട്ടോറിക്ഷയുമായാണ് അനിൽ വെള്ളിയാഴ്ച രാവിലെ മുതൽ ടൗണിലെത്തിയിരിക്കുന്നത്. കോട്ടയം നഗരത്തിൽ എ.ആർ ക്യാമ്പിനു സമീപം കീഴുക്കുന്നിലെ താമസക്കാരനായ അനിൽ ആന്റണിയാണ് സേവനത്തിന്റെ മറ്റൊരു രൂപവുമായി എത്തിയിരിക്കുന്നത്. സാധാരണ ഹർത്താൽ ദിനം ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശബരിമല സീസണായതിനാൽ തന്നെ അയ്യപ്പഭക്തൻമാർ അടക്കം നൂറുകണക്കിന് ആളുകളാണ് നഗരത്തിലെത്തുന്നത്. ഇവർക്കെല്ലാം ആശ്വാസമായാണ് അനിൽ തന്റെ ഓട്ടോറിക്ഷയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
നഗര പരിധിയിൽ കീഴുക്കുന്ന് ഭാഗത്തെ ഓട്ടോ സ്റ്റാൻഡിലാണ് അനിൽ സാധാരണ സർവീസ് നടത്തുന്നത്. എന്നാൽ, വെള്ളിയാഴ്ച തന്റെ ഫോൺ നമ്പർ അടക്കം ഫെയ്‌സ്ബുക്കിൽ നൽകിയാണ് അനിൽ സർവീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഹർത്താൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ അനിലിന്റെ ഫോണിലേയ്ക്ക് കോളുകളുടെ ബഹളമാണ്. നൂറുകണക്കിന് ആളുകളാണ് അനിലിനെ ഫോണിൽ ബന്ധപ്പെട്ട് ഓട്ടം ആവശ്യപ്പെടുന്നത്. ഹർത്താൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ചെറുതും വലുതുമായ പത്തിലേറെ ഓട്ടം അനിലിന് ലഭിച്ചു കഴിഞ്ഞു.