ശുചിത്വ മികവില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്
സ്വന്തംലേഖകൻ
കോട്ടയം : കുടിവെള്ള ക്ഷാമമോ മാലിന്യപ്രശ്‌നങ്ങളോ ഇല്ല. സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചികള്‍, പൊതു പരിപാടികളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിണര്‍ ഫില്‍ട്ടറിങ്, കിണര്‍ റീച്ചാര്‍ജ്ജിംഗ്, പ്രദേശത്തെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിന് പ്രത്യേക ബോട്ടില്‍ ബൂത്ത് എന്നിങ്ങനെ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പറഞ്ഞത് ഒരു ശുചിത്വ സുന്ദര പൂഞ്ഞാറിന്റെ സംഭവകഥയായിരുന്നു. ~ഒരു ഗ്രാമം നന്മയിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ കഥ. അങ്ങനെ ആ കഥയ്ക്ക് ശുചിത്വ മികവിന്റെ ഒന്നാംസ്ഥാനവും ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഹരിതകേരളം, ജില്ലാ ശുചിത്വ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായി നടത്തിയ ശുചിത്വ – മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ അവതരണം ‘ശുചിത്വമികവി’ലാണ് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളും മാതൃകയായത്.
മഴവെള്ളം പൂര്‍ണ്ണമായും മണ്ണിലേക്ക് ആഴത്തില്‍ ഇറക്കുന്നതിനുള്ള പദ്ധതികള്‍, പൊതുകുളങ്ങള്‍ വൃത്തിയാക്കുകയും കിണര്‍ ഫില്‍ട്ടറിങ് നടത്തുകയും ശുദ്ധജല ലഭ്യത ഉറപ്പാക്കല്‍, മീനച്ചിലാര്‍ – പുനര്‍ജ്ജനി പദ്ധതി, കിണര്‍ റീച്ചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണികള്‍, കിണര്‍ നിര്‍മ്മാണം, കുഞ്ഞുങ്ങള്‍ പോലും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് നിക്ഷേപിക്കുന്ന ബോട്ടില്‍ ബൂത്ത്, ഉറവിട മാലിന്യ സംസ്‌ക്കരണം ഇങ്ങനെ നീളുകയാണ് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക പ്രവര്‍ത്തനങ്ങള്‍.
ജൈവ കമ്പോസ്റ്റ് വളം കുടുംബശ്രീ കൃഷിക്ക് നല്‍കുന്ന പദ്ധതിയുമായി ഞീഴൂര്‍ ഗ്രാമപഞ്ചായത്ത്, ശുചിത്വ ഹര്‍ത്താല്‍ എന്ന ആശയവുമായി കൂരോപ്പട ഗ്രാമ പഞ്ചായത്ത്, ബയോ ഡൈജസ്റ്റര്‍ കമ്പോസ്റ്റ്, കമ്പോസ്റ്റ് പീറ്റ് എന്നി മാലിന്യ സംസ്‌കരണ പദ്ധതികളുമായി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്, ഹരിതസേനയുടെ മികച്ച പ്രവര്‍ത്തനങ്ങളുമായി മൂന്നിലവ് ഗ്രാമപഞ്ചായത്ത് തുടങ്ങിയവരും മികച്ച അവതരണം കാഴ്ച വെച്ചു. വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സമ്മാനദാനം നടത്തി.ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ശുചിത്വ മാലിന്യ സംസ്‌ക്കരണ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അജയകുമാര്‍, കിലാ കോര്‍ഡിനേറ്റര്‍ എം മനോഹരന്‍ എന്നിവര്‍ വിധി കര്‍ത്താക്കളായി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രമേശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് മായ, ഡി ഡി പി ബിനു ജോണ്‍, എന്നിവര്‍ പങ്കെടുത്തു.