സ്വന്തം ലേഖകൻ
കോഴിക്കോട്: സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിത. അപമാനിക്കുന്നവരോട് സന്ധിയില്ലെന്ന് ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് മുഫീദ തെസ്നി പറഞ്ഞു.
2-1ാം നൂറ്റാണ്ടിലും രാഷ്ട്രീയത്തിൽ പുരുഷന്മാർ മുതലാളികളും സ്ത്രീകൾ തൊഴിലാളികളുമായി തുടരുകയാണെന്ന് മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ മുഫീദ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്. തീരുമാനമെടുക്കുന്ന കമ്മിറ്റികളിൽ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു. എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിൽ സ്ത്രീകൾ ഒതുങ്ങിപ്പോകുന്നു.
സ്ത്രീവിരുദ്ധത ഉള്ളിൽപ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികൾക്കുമുള്ളത്. ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്.
ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങൾക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു. തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ കുറ്റബോധം പേറേണ്ടി വരും.
സ്ത്രീവിരുദ്ധ പരാമർശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാർട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല. വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ വ്യക്തമാക്കി.