സ്വന്തം ലേഖകൻ
മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്കെതിരായ നടപടിയിൽ പ്രതികരണവുമായി ലീഗ് നേതാവ് എം.കെ മുനീർ. ഹരിതയുടേത് അച്ചടക്കലംഘനമെന്നാണ് പാർട്ടി കണ്ടെത്തിയത്. പാർട്ടി പറയുന്നതിനപ്പുറം പറയാനില്ലെന്ന് മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
‘സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് ലീഗിൻ്റെ ആഭ്യന്തരകാര്യമാണ്. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചർച്ചകളും നടത്തിയേക്കാം. എന്നാൽ പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്തുചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ല- മുനീർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.എസ്.എഫ് നേതൃത്വത്തിനെതിരെ ലൈംഗികാധിക്ഷേപം ഉന്നയിച്ച ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് ഇന്നലെയാണ് പിരിച്ചുവിട്ടത്. ഗുരുതരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയുടെ നടപടി. വനിതാ കമ്മിഷന് നൽകിയ ലൈംഗികാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് കടുത്ത നടപടിക്ക് വഴിവച്ചത്.
ഹരിതയുടെ പുതിയ കമ്മിറ്റി ഉടൻ പ്രഖ്യാപിച്ച് സ്ത്രീവിരുദ്ധ പാർട്ടിയെന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ലീഗിന്റെ തീരുമാനം. അതേസമയം, പിരിച്ചുവിടലിനെതിരെ കോടതിയെ സമീപിക്കാനാണ് ഹരിത അംഗങ്ങളുടെ തീരുമാനം. ലൈംഗികാധിക്ഷേപ പരാതിയുടെ പേരിൽ പിരിച്ചുവിട്ടെന്നും ഹരിതയുടെ നിയമാവലി പ്രകാരം ലീഗ് ഉന്നതാധികാര സമിതിക്ക് ഇതിനുള്ള അധികാരമില്ലെന്നും നടപടിക്ക് മുമ്പ് വിശദീകരണം ചോദിച്ചില്ലെന്നും ചൂണ്ടിക്കാട്ടും.
വനിതാ കമ്മിഷനിൽ നൽകിയ പരാതിയിൽ കോഴിക്കോട്ടെ സിറ്റിംഗിന് ഹാജരാവും. പൊലീസ് അന്വേഷണവുമായി സഹകരിക്കും. വാദി പ്രതിയായെന്നും നീതിക്കായി ഏതറ്റംവരെയും പോകണമെന്നുമുള്ള വികാരത്തിലാണ് ഹരിത നേതാക്കൾ.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബ് എന്നിവർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പലതവണ പരാതിപ്പെട്ടിട്ടും ലീഗ് നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരിത സംസ്ഥാനകമ്മിറ്റിയിലെ പത്തംഗങ്ങൾ വനിതാ കമ്മിഷനെ സമീപിച്ചത്.