Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം:- ഹരിതകര്‍മ്മസേനാ ജില്ലാതല സംഗമവും സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനവും ഓഗസ്റ്റ് 13 ന് രാവിലെ 10:00 മണിക്ക് കോട്ടയം മാമ്മന്‍ ഹാളില്‍ നടക്കും.ഹരിതകർമ്മസേനയുടെ പ്രവർത്തനം വിശകലനം ചെയ്യുന്നതിനും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേന സംരംഭങ്ങളുടെ മാതൃക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്ന ജില്ലാതല സംഗമം
സഹകരണ സാംസ്ക്കാരിക രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

സമാര്‍ട്ട് ഗാര്‍ബേജ് ആപ്പ് മോണിറ്ററിംഗ് സിസ്റ്റം ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിക്കും.തുടര്‍ന്ന് ഹരിതകര്‍മ്മസേനാ പ്രവര്‍ത്തനങ്ങളുടെ മാതൃക അവതരണങ്ങള്‍. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ മോഡറേറ്ററാകും. ഉച്ചക്ക് ഹരിതകര്‍മ്മസേന വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് ബോക്കടിസ്ഥാനത്തില്‍ നടക്കുന്ന പൊതു ചര്‍ച്ചയ്ക്ക് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രമേശ് മോഡറേറ്ററാകും. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ് കൃതഞ്ജത പറയും.ശുചിത്വമിഷൻ,തദ്ദേശ സ്വയംഭരണസ്ഥാപനവകുപ്പ്, ഹരിതകേരള മിഷൻ, കുടുംബശ്രീ, എന്നിവർ നേതൃത്വത്തിലാകും ചടങ്ങുകൾ സംഘടിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്…

സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്ലിക്കേഷന്‍ ഉപയോഗത്തിൽ വരും.

അയ്മനം, കടുത്തുരുത്തി, വെളിയന്നൂര്‍, അതിരമ്പുഴ, ആർപ്പൂക്കര, വാഴൂർ, അകലക്കുന്നം, കിടങ്ങൂർ,

കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, പായിപ്പാട്, പുതുപ്പള്ളി, പനച്ചിക്കാട്, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി ഉള്‍പ്പടെ മൂന്ന് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക.

മാലിന്യ സംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനായി സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ മോണിറ്റര്‍ ചെയ്യുന്നതാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാര്‍ബേജ് ആപ്. വിശദമായ ഡാറ്റാബേസ്, സേവനദാതാക്കള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കുമുള്ള കസ്റ്റമര്‍ ആപ്, മാലിന്യ സംസ്‌കരണ സം വിധാനങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌പോര്‍ട്ടല്‍ എന്നിവ ചേര്‍ന്നതാണ് ഈ സംവിധാനം. ആപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള പരിശീലനം നടന്നു വരികയാണ്. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടൊപ്പം ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത മിത്രം ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. വീടുകള്‍, സ്ഥാപനങ്ങൾ, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ മാലിന്യ സംസ്‌കരണം ഇനി എളുപ്പമാകും. കൃത്യമായി യൂസര്‍ഫീ ലഭിക്കാത്തത് ഹരിത കര്‍മ്മ സേന നേരിടുന്ന വെല്ലുവിളിയായിരുന്നു.

ആപ്പ് വരുന്നതോടെ യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഇതിലൂടെ വാതില്‍പ്പടി ശേഖരണം കൂടുതൽ കാര്യക്ഷമമാകും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും യൂസർ ഫീസ് അടയ്ക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ടാകും.

മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും എം.സി.എഫ്/മിനി എം.സി.എഫ് ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ എന്നിവ ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാനും സാധിക്കും. മാലിന്യ സംസ്‌കരണം തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോര്‍ഡ് ഉള്‍പ്പടെയുള്ള സമഗ്രമായ വെബ് പോര്‍ട്ടല്‍ മാനേജ്മെന്റ് സംവിധാനത്തിലുണ്ടാകും. ക്യൂ.ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിത മിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.