video
play-sharp-fill

പത്തുവർഷം മുമ്പ് കാണാതായ യുവാവിൻ്റേത് കൊലപാതകമെന്ന് സംശയം; കേസിൽ പ്രത്യേക സംഘം അന്വേഷണത്തിന്; ചുമതല കായംകുളം ഡിവൈഎസ്പിക്ക്

പത്തുവർഷം മുമ്പ് കാണാതായ യുവാവിൻ്റേത് കൊലപാതകമെന്ന് സംശയം; കേസിൽ പ്രത്യേക സംഘം അന്വേഷണത്തിന്; ചുമതല കായംകുളം ഡിവൈഎസ്പിക്ക്

Spread the love

ഹരിപ്പാട്: ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. തന്റെ മകനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുൻപിൽ കോണ്ടുവരണമെന്ന് കാണാതായ രാജേഷിന്റെ അമ്മ പ്രതികരിച്ചു.

2015 നവംബറിലാണ് കുമാരപുരം സ്വദേശി 25 കാരനായ രാജേഷിനെ കാണാതായത്. രാജേഷിന്‍റെ അമ്മയുടെ ആ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് വർഷങ്ങൾക്കിപ്പുറവും രാജേഷിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
കാണാതായതിന്റെ പിറ്റേ ദിവസം വീടിന് തൊട്ടടുത്ത റോഡിൽ തളംകെട്ടി നിൽക്കുന്ന രക്തവും മുടിയും കണ്ടെത്തിയതോടെ രാജേഷിന്റേത് കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാൽ രാജേഷിന്റെ മൃതദേഹമോ, അപായപ്പെടുത്തിയതിന് സാക്ഷികളോ തുടങ്ങി കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴി മുട്ടി.
കാണാതായവരെകുറിച്ചുള്ള കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് രാജേഷിന്റെ തിരോധനം വീണ്ടും അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയത്. വീടിനടുത്ത് നിന്ന് കണ്ടെത്തിയ മുടിയും രക്തവും രാജേഷിന്റെ തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായിരുന്നു.
തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കായംകുളം ഡിവൈഎസ്പിയ്ക്കാണ് അന്വേഷണചുമതല. ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്നു രാജേഷ്. മുൻവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. 60 വയസ്സുകഴിഞ്ഞ രാജേഷിന്റെ അമ്മ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.