പൂരപ്പറമ്പിൽ ജനറേറ്ററിന് കാവൽ നിന്നിരുന്ന പയ്യനിൽ നിന്ന് വേദികളിൽ ആവേശം തീർക്കുന്ന ഗായകനായി മാറിയത് കനലിൽ ചവിട്ടി ; ഏറ്റു തഴമ്പിച്ച അവഗണനകളാണ് ഇന്ധനം, മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും : സന്നിദാനന്ദനെ പിന്തുണച്ച് ഗാനരചയിതാവ് ഹരി നാരായണൻ
സ്വന്തം ലേഖകൻ
ഗായകൻ സന്നിദാനന്ദനെ ആക്ഷേപിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പ് വൈറലായതിനു പിന്നാലെ പിന്തുണയുമായി ഗാനരചയിതാവ് ഹരി നാരായണൻ. മുടിനീട്ടി വളർത്തിയ ഗായകന്റെ ലുക്കിനെക്കുറിച്ചായിരുന്നു ആക്ഷേപ പരാമർശം. രൂപത്തിന്റേയും നിറത്തിന്റേയും പേരിലുള്ള കളിയാക്കൽ ചെറുപ്പം മുതൽ സന്നിദാനന്ദൻ അനുഭവിച്ചിട്ടുണ്ടെന്നാണ് ഹരി നാരായണൻ കുറിച്ചത്.
പൂരപ്പറമ്പിൽ ജനറേറ്ററിന് കാവൽ നിന്നിരുന്ന പയ്യനിൽ നിന്ന് വേദികളിൽ ആവേശം തീർക്കുന്ന ഗായകനായി സന്നിദാനന്ദൻ മാറിയത് കനലിൽ ചവിട്ടിയാണ്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. ഇനിയും മുടിയഴിച്ചിട്ട് തന്നെ അവൻ പാടുമെന്നും ഹരിനാരായണൻ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹരി നാരായണന്റെ കുറിപ്പ്
1994 ആണ് കാലം.
പൂരപ്പറമ്പിൽ ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും .പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും
ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ?
ചെലോര് കളിയാക്കും ,ചിരിക്കും ചെലോര്
” പോയേരാ അവിടന്ന് ” എന്ന് ആട്ടിപ്പായിക്കും .അതവന് ശീലാമാണ് . എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും
നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും
ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
” ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?
അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
” വാ ..പാട് ”
ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത്
ചെക്കനങ്ങട്ട് പൊരിച്ചു.
” ഇരുമുടി താങ്കീ… ”
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..
പാട്ടിൻ്റെ ആ ഇരു “മുടി ” “യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്
കാൽച്ചുവട്ടിലെ കനലാണ്
അവൻ്റെ കുരല്
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം
അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും
ഒപ്പം
Sanni Dhanandan