ഞാൻ എഴുതി ഒപ്പിട്ട് തരാം, ഐ.പി.എൽ നടന്നാലും ഇല്ലെങ്കിലും ഹർദ്ദിക് പാണ്ഡ്യ ടി20 ടീമിൽ ഉണ്ടാകും : ഹർഭജൻ സിംഗ്
സ്വന്തം ലേഖകൻ
മുംബൈ : ഇത്തവണ ഐ.പി.എൽ. നടന്നാലും ഇല്ലെങ്കിലും ടി20 ലോകകപ്പിനുള്ള ടീമിൽ ഹർദ്ദിക് പാണ്ഡ്യ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി ഹർഭജൻ സിംഗ്. അത് ഞാൻ എഴുതി എഴുതി ഒപ്പിട്ട് തരാമെന്നും ഹർഭജൻ സിംഗ് പറഞ്ഞു.
ഐ.പി.എല്ലിലെ ഫോമും പ്രകടനവും പരിഗണിച്ചായിരിക്കും ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തെ തിരഞ്ഞെടുക്കുകയെന്ന് കോച്ച് രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ അമിത പ്രതീക്ഷ പങ്കുവെച്ചാണ് ഹർഭജൻ രംഗത്ത് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴത്തെ ഇന്ത്യൻ ടീം അത്ര സന്തുലിതമല്ലെന്നും ഹാർദിക് കൂടി വന്നാൽ മാത്രമേ ടീം ബാലൻസാവുകയുള്ളൂ. ഹാർദിക്കിനെപ്പോലുള്ളവരെ മാറ്റി നിർത്താൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് ചിലരുടെ പ്രതിഭയും പ്രാധാന്യവും അളക്കാൻ ഐ.പി.എൽ മാനദണ്ഡമാക്കരുതെന്ന് പറയുന്നതെന്നും ഹർഭജൻ വ്യക്തമാക്കി.
സ്വന്തം കഴിവ് തെളിയിച്ചിട്ടില്ലാത്തവരെ സംബന്ധിച്ചാണ് ഐ.പി.എല്ലിനു കൂടുതൽ പ്രാധാന്യമുള്ളത്. തുടർച്ചയായ പുറം വേദന കാരണം ഹാർദിക് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതേ തുടർന്നു മാസങ്ങളോളം മത്സര രംഗത്തു നിന്നു വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20യിലാണ് ഹാർദിക് അവസാനമായി കളിച്ചത്. ഇതിനു ശേഷം താരം ശസ്ത്രക്രിയക്കു വിധേയനാവുകയും ചെയ്തിരുന്നു.
തുടർന്ന് മുംബൈയിൽ വച്ച് നടന്ന ഡിവൈ പാട്ടീൽ ടി20 ടൂർണമെന്റിൽ കളിച്ചു കൊണ്ടാണ് ഹാർദിക് മത്സര രംഗത്തേക്കു മടങ്ങിയെത്തിയത്. ടൂർണമെന്റിൽ മിന്നുന്ന പ്രകടനം നടത്താൻ അദ്ദേഹത്തിനാവുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കു ഹാർദിക്കിനെ തിരിച്ചു വിളിച്ചിരുന്നു. ആദ്യ മത്സരം മഴയെ തുടർന്നു ഉപേക്ഷിക്കപ്പെട്ടപ്പോൾ ശേഷിച്ച മത്സരങ്ങളിൽ കൊറോേണ വൈറസ് ലോകത്ത് വ്യാപിച്ചതോടെ റദ്ദാക്കുകയായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐ.പി.എൽ അനിശ്ചിത കാലത്തേക്കു നീട്ടിയതോടെ ദേശീയ ടീമിലേക്കുള്ള പല താരങ്ങളുടെയും തിരിച്ചുവരവ് സാദ്ധ്യതകൾക്കു കൂടിയാണ് മങ്ങലേറ്റിരിക്കുകയാണ്.
മുൻ ഇതിഹാസ നായകൻ എംഎസ് ധോണി, ഓപ്പണർ ശിഖർ ധവാൻ, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, പേസർ ദീപക് ചഹർ എന്നിവരെല്ലാം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ദേശീയ ടീമിലെത്താൻ തയ്യാറെടുത്ത് വരികെയായിരുന്നു.