
ആറരലക്ഷം രൂപയുടെ ഹാൻസും, പാൻപരാഗുമായി മൂന്നു പേർ പാമ്പാടിയിൽ പിടിയിൽ: പിടിയിലായത് വിദ്യാർത്ഥികൾക്ക് വിൽക്കാനെത്തിച്ച നിരോധിത പുകയില സാധനങ്ങൾ
തേർഡ് ഐ ബ്യൂറോ
പാമ്പാടി: ആറരലക്ഷം രൂപയുടെ ഹാൻസും പാൻപരാഗുമായി മൂന്നു പേർ പാമ്പാടി പൊലീസിന്റെ പിടിയിലായി. കോട്ടയം താഴത്തങ്ങാടി ഇല്ലിക്കൽ കിളിരൂർ നിയാസ് (37), ഈരാറ്റുപേട്ട സ്വദേശി ഷാഹൽ സലിം (26), പാലക്കാട് ഒറ്റപ്പാലം തച്ചനാട്ടുകര നഫ്‌സൽ നിഷാദ്(23) എന്നിവരെയാണ് പാമ്പാടി സി.ഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പാമ്പാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പ്രതികൾ എത്തിയത്. സൈലോയിൽ 14 ചാക്കുകളിലായി 22,000 ഹാൻസ്, പാൻപരാഗ് പാക്കറ്റുകളാണ് പ്രതികൾ ഒളിപ്പിച്ചിരുന്നത്. മൂന്നു മുതൽ അഞ്ചു രൂപയ്ക്ക് വരെ പൊള്ളാച്ചി ഭാഗത്തു നിന്നും വാങ്ങുന്ന നിരോധിത പുകയില സാധനങ്ങൾ മുപ്പത് രൂപയ്ക്ക് വരെയാണ് ഇവർ കടകളിൽ വിറ്റിരുന്നത്.
ലഹരിമരുന്നുകൾ വൻ തോതിൽ കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇതേ തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പാമ്പാടി ഭാഗത്ത് നർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ള, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ സംഘത്തെ പിടികൂടിയത്. പാമ്പാടി സ്റ്റേഷ,നിലെ എസ്.ഐ ഡാനിയേൽ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ നൗഷാദ്, റിച്ചാർഡ്, നവാസ്, സാജു, പാമ്പാടി പൊലീസ് സ്റ്റേഷനിലെ സന്തോഷ് , ഫെർണ്ണാണ്ടസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.