play-sharp-fill
ഹനാനെ അപമാനിച്ച കേസിൽ നൂറുദ്ദീൻ ഷെയ്ഖ് അറസ്റ്റിൽ; ഹനാനെ അധിക്ഷേപിച്ചവരെ കണ്ടെത്താൻ ഹൈടെക് സെല്ലും സൈബർഡോമും അന്വേഷണം തുടങ്ങി

ഹനാനെ അപമാനിച്ച കേസിൽ നൂറുദ്ദീൻ ഷെയ്ഖ് അറസ്റ്റിൽ; ഹനാനെ അധിക്ഷേപിച്ചവരെ കണ്ടെത്താൻ ഹൈടെക് സെല്ലും സൈബർഡോമും അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ

കൊച്ചി: ഉപജീവനത്തിനായി മീൻ വില്പനയ്ക്കിറങ്ങിയ കോളേജ് വിദ്യാർത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് വീഡിയോ നൽകിയ നൂറുദ്ദീൻ ഷെയ്ക്കിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അസി.കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഹനാനെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പൊലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ്. ഐ.ടി. ആക്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കൽ), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കൽ), 34 (പൊതു ഉദ്ദേശ്യം), കേരള പൊലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിൽ തമ്മനത്ത് ഹനാൻ മീൻ വിൽക്കുന്ന സ്ഥലത്തെത്തി നൂറുദ്ദീൻ ഷെയ്ക്ക് വിവരങ്ങൾ മനസിലാക്കിയിരുന്നു. തുടർന്നാണ് ഹനാനെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ ഇയാൾ ലൈവ് വീഡിയോ നൽകിയത്. എല്ലാം പരിശോധിച്ചെന്നും ഒരു സിനിമയുടെ പ്രമോഷനു വേണ്ടിയാണ് ഹനാൻ മീൻ വിറ്റതെന്നും, മാധ്യമങ്ങളും അതിൽ പങ്കാളികളാകുകയായിരുന്നുവെന്നുമാണ് ഇയാൾ ആരോപിച്ചത്. ഈ വീഡിയോ വയറലായതോടെയാണ് ഹനാനെ അപമാനിക്കാൻ സോഷ്യൽ മീഡിയ തുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹനാനെ അപകീർത്തിപെടുത്തിയവർ ഒരാളിൽ ഒതുങ്ങുന്നില്ല. സമാനമായി പോസ്റ്റിട്ടവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതികളെ കണ്ടെത്താൻ ഹൈടെക് സെല്ലും സൈബർഡോമും അന്വേഷണം തുടങ്ങി. അധിക്ഷേപം നടത്തിയവർക്കെതിരേ സ്വകാര്യാവകാശ നിയമ പ്രകാരമുള്ള കുറ്റവും ചുമത്തിയേക്കും. സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിക്കും എറണാകുളം ജില്ലാ കലക്ടർക്കും ന്യൂനപക്ഷ കമ്മീഷനും നിർദ്ദേശം നൽകി.