video
play-sharp-fill
ഹാമർ അപകടത്തിൽ മരിച്ച അഫീലിന്റെ സംസ്‌കാരം ചൊവ്വാഴ്ച: എല്ലാ ചിലവും സർക്കാർ വഹിക്കും; പോസ്റ്റ്‌മോർട്ടത്തിന് ജില്ലാ കളക്ടറുടെ സാന്നിധ്യം

ഹാമർ അപകടത്തിൽ മരിച്ച അഫീലിന്റെ സംസ്‌കാരം ചൊവ്വാഴ്ച: എല്ലാ ചിലവും സർക്കാർ വഹിക്കും; പോസ്റ്റ്‌മോർട്ടത്തിന് ജില്ലാ കളക്ടറുടെ സാന്നിധ്യം

സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിനിടെ ഹാമർ ത്രോ ബോൾ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് 17 ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മരിച്ച അഫീലിന്റെ ചികിത്സയും, മരണാനന്തര ചടങ്ങുകളുടെ ചിലവും സർക്കാർ വഹിക്കും.
മെഡിക്കൽ കോളേജ് ആശുപത്രി മുതൽ വീടുവരെയുള്ള ആംബുലൻസിന്റെയും, പൊതുദർശനത്തിന്റെയും ചിലവുകളും സംസ്‌കാര ചടങ്ങുകളുടെ ചിലവുമാണ് സംസ്ഥാന സർക്കാർ വഹിക്കുക.
മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് മുതൽ സംസ്‌കാര ചടങ്ങുകൾക്കു വരെ ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ സാന്നിധ്യവും ഉണ്ടാകും.
ജില്ലാ കളക്ടർക്കു വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയ  കോട്ടയം തഹസിൽദാർ രാജേന്ദ്രകുമാറാണ് ഇക്കാര്യം അഫീലിന്റെ മാതാപിതാക്കളെ അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ എത്രയും വേഗം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടു നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം നടപടികൾ വൈകാതിരിക്കുന്നതിനു വേണ്ടി തിങ്കളാഴ്ച വൈകിട്ട് തന്നെ അഫീലിന്റെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
രാവിലെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം എത്രയും വേഗം പൂർത്തിയാക്കാനാവും ശ്രമം. ഒന്നര മണിക്കൂറിലേറെയാണ് പൊലീസിനു ഇൻക്വസ്റ്റ് നടപടികൾക്കായി വേണ്ടി വരിക. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം പരമാവധി വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഇൻക്വസ്റ്റ് തിങ്കളാഴ്ച വൈകിട്ട് തന്നെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയത്.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എ സുരേഷിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. വൈകിട്ട് അഞ്ചു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർ്ച്ചറിയിൽ ആരംഭിച്ച ഇൻക്വസ്റ്റ് നടപടികൾ ഒന്നര മണിക്കൂറോളം നീണ്ടു.
ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം  ആംബുലൻസിൽ കയറ്റുന്നതടക്കമുള്ള കാര്യങ്ങൾക്ക് ജില്ലകലക്ടർ പി.കെ. സുധീർബാബു നേതൃത്വം നൽകും.
കായികദുരന്ത വാർത്തയറിഞ്ഞ് ജില്ല കലക്ടർ പി.കെ. സുധീർബാബുവിന്റെ നിർദേശപ്രകാരമാണ് തഹസിൽദാർ ആശുപത്രിയിലെത്തിയത്.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിട്ടു കിട്ടുന്ന മൃതദേഹം ഈരാറ്റുപേട്ടയിലെ വസതിയിലേയ്ക്കു വിലാപയാത്രയായി കൊണ്ടു പോകുന്നതിനാണ് നീക്കം.
ഇതിനു ശേഷം മൃതദേഹം അഫീൽ പഠിച്ച സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും തുടർന്ന് വസതിയിൽ എത്തിച്ച് സംസ്‌കാരം നടത്തും.