ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒഴിവാക്കി

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി.

​ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ. വി കെ വിജയന്‍ ചുമതലയേറ്റതിന് പിന്നാലെ നടന്ന യോ​ഗത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന ആദ്യ യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്‍, അഡ്വ. കെ വി മോഹനകൃഷ്ണന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവരും യോ​ഗത്തില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ ദേവസ്വത്തിൻ്റെ 15ാമത് ചെയര്‍മാനായാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ റിട്ട. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വി കെ വിജയന്‍ ചുമതലയേറ്റത്. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഡോ. വി കെ വിജയന്‍ ,ചെങ്ങറ സുരേന്ദ്രന്‍ എക്സ് എംപി എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

തുടര്‍ന്ന് ദേവസ്വം കാര്യാലയത്തിലെത്തി അദ്ദേഹവും പുതിയ അംഗം ചെങ്ങറ സുരേന്ദ്രനും ചുമതലയേറ്റു.
യോഗത്തില്‍ ദേവസ്വം ഭരണസമിതി അംഗം അഡ്വ. കെ വി മോഹന കൃഷ്ണനാണ് ഡോ. വി കെ വിജയൻ്റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. ചെങ്ങറ സുരേന്ദ്രന്‍ പിന്താങ്ങി.

തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ. വിജയനെ തിരഞ്ഞെടുത്ത വിവരം ഭക്തജനങ്ങളെ അറിയിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാടാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ചത്. ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ സത്യവാചകം ചൊല്ലി കൊടുത്തു.