
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും ആവശ്യപ്പെട്ടു.
പിടികിട്ടാപ്പുള്ളിയായ ഷാനുവെന്ന് വിളിക്കുന്ന ഗുണ്ട ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്.
നിരവധി വീടുകളില്‍ ആയുധവുമായി അതിക്രമിച്ച് കയറി സംഘം ഭീഷണിമുഴക്കിയതായാണ് റിപ്പോർട്ട്. ഇതില്‍ രണ്ട് വീട്ടുകാരാണ് മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വീട്ടില്‍ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തില്‍ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. എന്നാല്‍ ഈ വീട്ടുകാർ പരാതി നല്‍കിയിട്ടില്ല. വീടുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അതിക്രമം കാട്ടിയത്. വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന് പരാതി നല്‍കിയ വീട്ടുടമകളില്‍ ഒരാള്‍ പറയുന്നു.
കുറച്ചുനാള്‍ മുന്‍പ് പള്ളിപ്പുറത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്.
അതിക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും കുട്ടികളുള്‍പ്പെടെ ഭീതിയിലാണ്. പരാതി നല്‍കിയാല്‍ ഷാനവാസും സംഘവും പ്രതികാരവുമായി വീണ്ടും എത്തുമോ എന്നു ഭയന്നാണ് പരാതി നല്‍കുന്നതില്‍ നിന്ന് പലരും വിട്ട് നില്‍ക്കുന്നത്. കുട്ടിയുടേയും അമ്മയുടേയും കഴുത്തില്‍ കത്തിവെച്ച വീട്ടുകാരുടെ പരാതി എഴുതി വാങ്ങാനും മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.