
സ്വന്തം ലേഖകൻ
തൃശൂർ: കേരളം ഗുണ്ടകളുടെയും കഞ്ചാവ് – ലഹരി മാഫിയ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നു. സാമൂഹ്യ വിരുദ്ധരും അക്രമികളും പൊലീസിനെയും നാട്ടുകാരെയും നിയമങ്ങളെയും ഭയക്കാതെ അഴിഞ്ഞാടുകയാണ്. ഗുണ്ടാപ്പട സമൂഹത്തെ ഭയപ്പെടുത്തി മുന്നേറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ തൃശൂർ നഗരമധ്യത്തിലെ ബസ് സ്റ്റാൻഡിൽ കണ്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലും കുടിപ്പകയിലും ജീവൻ നഷ്ടമായത് ഒരു യുവാവിനാണ്.
ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതനെ തുടർന്ന് പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ചിറയത്ത് ആലുക്കൽ ബാബുവിന്റെ മകൻ ബിനോയ് (ചാക്കപ്പൻ-24) ആണ് കൊല്ലപ്പെട്ടത്. പ്ലംബിങ് തൊഴിലാളിയായ ഇയാൾ അനേകം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ വെളിയന്നൂർ അന്തിക്കാടൻ വീട്ടിൽ വിവേകിനെ (22) അറസ്റ്റ് ചെയ്തു.
ഞായറാഴ്ച അർധരാത്രിയാണ് സംഭവം. ബൈക്കിൽ കൂട്ടുകാരനൊപ്പം ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബാറിന് മുന്നിലെത്തിയ ബിനോയിയും അവിടെയുണ്ടായിരുന്ന വിവേകും ഏറ്റുമുട്ടുകയായിരുന്നു. ഇരുവരുടെയും സുഹൃത്തുക്കളും തമ്മിൽത്തല്ലി. പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഇരുവരും തമ്മിൽ നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ബിനോയ് വിവേകിനെ തുറിച്ചുനോക്കിയെന്നു പറഞ്ഞ് തുടങ്ങിയ അടിയാണ് കൊലപാതകത്തിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിച്ചാക്ക് ലോഡ് ചെയ്യാനുപയോഗിക്കുന്ന ഹുക്ക് ഉപയോഗിച്ച് വിവേക് ബിനോയിയുടെ കഴുത്തിൽ ആഴത്തിൽ കുത്തിവലിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനോയിയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പരേതയായ ജെസിയാണ് ബിനോയിയുടെ അമ്മ. സഹോദരൻ: ബിജോയ്. ശവസംസ്കാരം ചൊവ്വാഴ്ച ചേർപ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ എതിർസംഘത്തിൽ പെട്ടയാളാണ് മരിച്ച ബിനോയ്. ചേർപ്പ്, പുതുക്കാട്, നെടുപുഴ, പേരാമംഗലം സ്റ്റേഷനുകളിൽ വധശ്രമം, ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയാണ് ബിനോയ്. വിവേകിന് ഈസ്റ്റ് സ്റ്റേഷനിൽ തന്നെ 13 കേസുകളുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു സംഘം ഗുണ്ടാ പിരിവ് ചോദിച്ചുള്ള തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും എത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ കിഴക്കെക്കോട്ട സ്വദേശി സച്ചിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
വ്യാഴാഴ്ച മറ്റൊരു സംഘം ഗുണ്ടാപ്പിരിവ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലും എത്തിയിരുന്നു.ഗുരുതരപരിക്കേറ്റ കിഴക്കേക്കോട്ട സ്വദേശി സച്ചിൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലാളുകളുടെ പേരിൽ പോലീസ് കേസെടുത്തു.