![വെട്ടിന് ഫുഡ്: റെന്റ് എ ഗുണ്ട; കാശും കാറും പെണ്ണും പണവും: വമ്പന്മാരുടെ തണലിൽ കൊച്ചിയിൽ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ സജീവം വെട്ടിന് ഫുഡ്: റെന്റ് എ ഗുണ്ട; കാശും കാറും പെണ്ണും പണവും: വമ്പന്മാരുടെ തണലിൽ കൊച്ചിയിൽ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ സജീവം](https://i0.wp.com/thirdeyenewslive.com/storage/2019/12/images-274.jpg?fit=600%2C390&ssl=1)
വെട്ടിന് ഫുഡ്: റെന്റ് എ ഗുണ്ട; കാശും കാറും പെണ്ണും പണവും: വമ്പന്മാരുടെ തണലിൽ കൊച്ചിയിൽ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങൾ സജീവം
ക്രൈം ഡെസ്ക്
കൊച്ചി: വെട്ടൊന്നിന്റെ എണ്ണം വച്ച് പണവും ഭക്ഷണവും. ഗുണ്ടയെ വാടകയ്ക്ക് എടുക്കാൻ റെന്റ് എ ഗുണ്ടാ പദ്ധതി. വമ്പന്മാരുടെ തണലിൽ ഗുണ്ടാ പണിയും സുരക്ഷയും. കാശും കാറും പെണ്ണും പണവും കള്ളും ഒഴുക്കി കൊച്ചിയിൽ ക്വട്ടേഷൻകാരും ഗുണ്ടകളും തഴച്ചു വളരുന്നു. പെണ്ണിന് പെണ്ണും കള്ളിന് കള്ളും ഒഴുകിയിറങ്ങുന്ന കൊച്ചിയിലെ അധോലോക രാജാക്കന്മാരായി ഗുണ്ടകൾ മാറി.
വടക്കന്‍ പറവൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിലായതോടെയാണ് എറണാകുളം ജില്ലയിലെ ഗുണ്ടാ സംഘങ്ങളുടെ അണിയറക്കഥകള്‍ ചുരുളഴിയുന്നത്. റെന്റ് എ കാര്‍, വസ്തു കച്ചവടം, സ്വര്‍ണക്കടത്ത്, പണമിടപാട് തുടങ്ങിയ ബിസിനസുകളില്‍ പലതിലും ഗുണ്ടാ സംഘങ്ങള്‍ ഇടപെടാറുണ്ട്. ഇവരുടെ തണലിലാണ് ഈ ഇടപാടുകൾ എല്ലാം കൊച്ചിയിൽ നടക്കുന്നത്. കൈനിറയെ കാശും ഭക്ഷണവുമടക്കമാണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ജില്ലയില്‍ പലയിടത്തും ഇത്തരം സംഘങ്ങള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എറണാകുളം റൂറല്‍ ജില്ലയിലാണ് ഗുണ്ടാ സംഘങ്ങള്‍ വിളയാടുന്നത്. കൊച്ചിയും ഒട്ടും പിന്നിലല്ല. പറവൂര്‍ കേസിലെ പ്രതികള്‍ പെരുമ്പാവൂരിലെ ഒരു ഗുണ്ടാ നേതാവിന്റെ അനുയായികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
മേഖലയില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റമുട്ടലും കൊലപാതകവും പതിവായതോടെ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പറവൂര്‍ വെടിമറയില്‍ കാഞ്ഞിരപ്പറമ്പില്‍ മുബാറകിനെ (24) ഗുണ്ടാ സംഘങ്ങള്‍ കുത്തിക്കൊന്നത്. മുബാറക് കൊല്ലപ്പെടുന്നത് ഒരു കാര്‍ കടത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ്. തൃശൂര്‍ മാളയിലുള്ള ഒരാളില്‍ നിന്ന് പ്രതികളില്‍ ഒരാളായ റിയാസ് എടുത്ത റെന്റ് എ കാര്‍ നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാന്‍ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക് ഈ കാര്‍ എടുത്തുകൊണ്ടുപോയി മാളയിലെ കാറുടമയ്ക്ക് നല്‍കി.
ഇതിന് പ്രതിഫലവും വാങ്ങി. എന്നാല്‍, ഈ വിഷയം വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് പ്രതികള്‍ മുബാറക്കിനെ പറവൂരിലെ മാവിന്‍ ചുവട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം നടന്നത്. അതേസമയം, കൊല്ലപ്പെട്ട മുബാറക്ക് നേരത്തെ അടിപിടി കേസുകളില്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
15 ദിവസം മുമ്പാണ് അങ്കമാലിയില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ കാപ്പ കേസ് പ്രതി കൊലക്കത്തിക്ക് ഇരയായത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് (ഗില്ലാപ്പി – 40 ) ആണ് കൊല്ലപ്പെട്ടത്. ബിനോയി വളര്‍ത്തിക്കൊണ്ടുവന്ന അത്താണി ബോയ്‌സെന്ന ക്രിമിനല്‍ സംഘത്തില്‍ ഉടലെടുത്ത പടലപ്പിണക്കവും ചേരിതിരിവുമാണ് ആരുംകൊലയ്ക്ക് വഴിവച്ചത്. കേസില്‍ ആദ്യം ആറ് പേരെയും പിന്നീട് മുഖ്യപ്രതികളായ ഗ്രിന്റേഷ്, ലാല്‍ കിച്ചു, കൃഷ്ണന്‍കുട്ടി എന്നിവരും പിടിയിലായി.
ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് തന്നെയാണ് അത്താണി ബോയ്‌സിനു രൂപം നല്‍കിയതും വളര്‍ത്തിക്കൊണ്ടു വന്നതും. തൃശൂര്‍ ജില്ലയില്‍ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വര്‍ണം വഴിയില്‍വച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് ബിനോയി ആയിരുന്നു. കൊള്ളയടിച്ച പണം പങ്കുവയ്ക്കുന്നതിലുണ്ടായ തര്‍ക്കം അത്താണി ബോയ്‌സിലെ അംഗങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു ഗുണ്ടാ സംഘത്തിന് രൂപം കൊടുത്തു. രണ്ട് ഗ്യാംഗുകളായി പിരിഞ്ഞതോടെ ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുബാറക് കൊല, ഉണ്ണിക്കുട്ടന്‍ വധം, ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്.. ഇങ്ങനെ ജില്ല ഞെട്ടിയ പ്രമാദമായ കേസുകള്‍ക്കെല്ലാം പിന്നില്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലതവണ ഈ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണ്ണം കവർച്ച, കുഴല്‍പ്പണം തട്ടല്‍, വസ്തു തര്‍ക്കത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുക്കല്‍ എന്നിവയാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്നിരുന്നത്. തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി പെരുമ്പാവൂരിലെ ഒരു ഗുണ്ടാ തലവന് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.
ആശുപത്രിക്കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്കുമായി ഏതാനും മാസം മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെങ്ങോല വലിയകുളം ചിയാട്ട് സി.എസ്. ഉണ്ണിക്കുട്ടനെ മംഗളൂരുവില്‍ കൊലപ്പെടുത്തിയ കേസിലും പൂക്കടശേരി റഹിം വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലും പ്രതിയാണിയാള്‍. ഇയാളുടെ ക്വട്ടേഷന്‍ സംഘംഗമായിരുന്നു കൊല്ലപ്പെട്ട ഉണ്ണിക്കുട്ടന്‍. സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങളും പ്രൊമോഷന്‍ വിഡിയോകളും പോസ്റ്റ് ചെയ്താണ് ഇയാള്‍ ആരാധകരെ സൃഷ്ടിച്ചിരുന്നത്. മദ്യവും ലഹരിമരുന്നും നല്‍കി വശത്താക്കിയ 250 ചെറുപ്പക്കാര്‍ ഇയാളുടെ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരില്‍ ചിലരെ മുന്‍പ് അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ ശരീരത്തില്‍ ‘അനസിക്ക’ എന്നു പച്ചകുത്തിയിരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.
ഗുണ്ടാ സംഘങ്ങള്‍ അനധികൃതമായി സമ്പാദിച്ച പണം വീതം വയ്ക്കുന്നതിലെ തര്‍ക്കമാണ് പെരുമ്പാവൂര്‍ ഉണ്ണിക്കുട്ടന്‍ വധക്കേസിന് പിന്നിലെന്ന് പൊലീസ് പറയുന്നത്. എന്നാല്‍, സ്വര്‍ണക്കടത്തിന് കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് വഴിവച്ചതെന്നും പറയപ്പെടുന്നു. ഉണ്ണിക്കുട്ടനെ തന്ത്രപൂര്‍വം മംഗളൂരുവിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി തോട്ടില്‍ തള്ളുകയായിരുന്നു. മംഗളൂരുവില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഉപ്പിനങ്ങാടി പുഴയിലാണ് ഉണ്ണിക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്താകമാനം മുറിവേറ്റ പാടുകളുണ്ടായിരുന്നതിനാല്‍ ബന്ധുക്കള്‍ കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഉണ്ണിക്കുട്ടനും നാലുപേരുമടങ്ങുന്ന സംഘത്തെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഗുണ്ടാ സംഘത്തിന്റെ ശ്രമം. എന്നാല്‍, അന്വേഷണത്തില്‍ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. സ്പരിറ്റ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഉണ്ണിക്കുട്ടന്‍.