
കയ്യിൽ അണിഞ്ഞ വിലങ്ങിന് അടിച്ചു; തടയാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ഗുണ്ടാ സംഘം വളഞ്ഞിട്ട് മർദിച്ചു; അലോട്ടിയ്ക്കും സംഘത്തിനും എതിരെ മറ്റൊരു കേസ് കൂടി; രണ്ടു ഗുണ്ടകൾ കൂടി കസ്റ്റഡിയിൽ
തേർഡ് ഐ ക്രൈം
കോട്ടയം: ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിൽ അലോട്ടിയ്‌ക്കെതിരെയും കണ്ടാലറിയാവുന്ന ഗുണ്ടകൾക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ ജെയിൻസ് മോൻ ജേക്കബി (അലോട്ടി -29)നെ ജയിലിലേയ്ക്കു കൊണ്ടു വരുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ തിരുവനന്തപുരം സ്വദേശികളും സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ് രാജ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗുണ്ടാ അക്രമി സംഘം പൊലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചത്.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. ഒരു വർഷം മുൻപ് കാപ്പ ചുമത്തി അലോട്ടിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റിയിരുന്നു. ജയിൽ മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് അലോട്ടിയെ ഇന്നലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിച്ചത്. ഇവിടെ അലോട്ടിയെ കാത്ത് ഇയാളുടെ ബന്ധുക്കളും വൻ ഗുണ്ടാ സംഘവും ഉണ്ടായിരുന്നു.
ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ കയറിയ പ്രതി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ബന്ധുക്കളെ കാണാനും ഇയാൾ ശ്രമിച്ചു. ഇതിനെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ ഇയാൾ കൈവിലങ്ങ് ഉപയോഗിച്ച് പൊലീസുകാരനായ മഹേഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന് പ്രദീപ് ശ്രമിച്ചതോടെ, ഇയാളുടെ അനുയായികളായ ഗുണ്ടാ സംഘം ആക്രമണം അഴിച്ചു വിട്ടു.
നടുറോഡിൽ വച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു. കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തുമെന്ന സ്ഥിതി എത്തിയതോടെ പ്രതികൾ ഓടിരക്ഷപെട്ടു. ഇതോടെ അലോട്ടിയെയുമായി പൊലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ജില്ലാ ജയിലിൽ എത്തി.
തുടർന്നു, പൊലീസ് ഉദ്യോഗസ്ഥർ രണ്ടു പേരും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അലോട്ടി അടക്കം കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോട്ടയം വെസ്റ്റ് പൊലീസിന്റെ മിന്നൽ പരിശോധനയിൽ പ്രതികളിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.