യൂണിഫോമിൽ പിടിച്ചു കെട്ടിയിട്ട് എയ്ഡ്സ് വൈറസ്  കുത്തി വയ്ക്കും; ഭാര്യയെയും കുടുംബത്തെയും തകർത്തു കളയും; പൊലീസ് സ്റ്റേഷനുള്ളിൽ സി.ഐയെ ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാക്കൾ; പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസു കൂടി ചുമത്തി

യൂണിഫോമിൽ പിടിച്ചു കെട്ടിയിട്ട് എയ്ഡ്സ് വൈറസ് കുത്തി വയ്ക്കും; ഭാര്യയെയും കുടുംബത്തെയും തകർത്തു കളയും; പൊലീസ് സ്റ്റേഷനുള്ളിൽ സി.ഐയെ ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാക്കൾ; പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസു കൂടി ചുമത്തി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: ഗുണ്ടാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി ഗുണ്ടാ നേതാക്കൾ. പൊലീസ് സ്റ്റേഷനുള്ളിലാണ് ഗുണ്ടാ സംഘത്തലവൻമാർ എസ്.എച്ച്.ഒയെ പരസ്യമായി ഭീഷണിപ്പെടുത്തിയത്. എച്ച്.ഐവി വൈറസ് കുത്തി വയ്ക്കുമെന്നും, കൊലപ്പെടുത്തുമെന്നും, ഭാര്യയെയും കുടുംബത്തെയും തകർക്കുമെന്നുമായിരു്ന്നു പിടിയിലായ ഗുണ്ടാ സംഘത്തലവൻ അലോട്ടിയും, വിനീത് സഞ്ജയനും കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനെ ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ സെപ്റ്റംബർ 16 ന് നഗരമധ്യത്തിലെ കൊറിയർ സർവീസ് സ്ഥാപനത്തിൽ ആക്രമണം നടത്തി കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോഴായിരുന്നു അലോട്ടിയുടെ ഭീഷണി. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും, കുടുംബത്തോടൊപ്പം മര്യാദയ്ക്ക് കഴിഞ്ഞിരുന്ന തന്നെ പൊലീസ് കേസിൽ കുടുക്കുകയാണെന്നും ആരോപിച്ചാണ് അലോട്ടി രംഗത്ത് എത്തിയത്.
സ്‌റ്റേഷനുള്ളിൽ വച്ച് ഇൻസ്‌പെക്ടർ എം.ജെ അരുൺ, അലോട്ടിയുടെ അറസ്റ്റിന് നേതൃത്വം നൽകിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എൻ മനോജ്, സിവിൽ പൊലീസ് ഓഫിസർ ബൈജു എന്നിവരുടെ പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി. എല്ലാവരുടെയും ശരീരത്തിൽ എച്ച്.ഐ.വി വൈറസ് കുത്തിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ സമയം സ്റ്റേഷനിൽ അറസ്റ്റിലുണ്ടായിരുന്നു ഗുണ്ടാ നേതാവ് വിനീത് സഞ്ജയനും പൊലീസിനു നേരെ ഭീഷണിമുഴക്കി. ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും കുട്ടികളുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി മുഴുവനും.
ഇതിന് ശേഷം റിമാൻഡ് ചെയ്യുന്നതിനു മുന്നോടിയായി വൈദ്യ പരിശോധനയ്ക്കായി പ്രതികളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഈ സമയം പൊലീസ് മർദിച്ചതയി പ്രതികൾ ആരോപിച്ചു. മജിസ്‌ട്രേറ്റിനു മുന്നിലും ഇതേ നിലപാട് തന്നെ പ്രതികൾ ആരോപിച്ചു. പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിൽ ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐയെ ഭീഷണിപ്പെടുത്തിയതിനു മറ്റൊരു കേസും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.