play-sharp-fill
തലയ്ക്ക് തോക്ക് ചൂണ്ടി അജ്ഞാതർ കത്ത് എഴുതിച്ചു: മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; തട്ടിക്കൊണ്ടു പോകൽ വ്യാജ കഥയുണ്ടാക്കി മൂന്നര ലക്ഷം രൂപയുമായി നാടുവിട്ട പത്താം ക്ലാസ് വിദ്യാർത്ഥി 14 മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി

തലയ്ക്ക് തോക്ക് ചൂണ്ടി അജ്ഞാതർ കത്ത് എഴുതിച്ചു: മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; തട്ടിക്കൊണ്ടു പോകൽ വ്യാജ കഥയുണ്ടാക്കി മൂന്നര ലക്ഷം രൂപയുമായി നാടുവിട്ട പത്താം ക്ലാസ് വിദ്യാർത്ഥി 14 മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തി

തേർഡ് ഐ ബ്യൂറോ
കോട്ടയം: തലയ്ക്ക് തോക്കുചൂണ്ടിയ ശേഷം അജ്ഞാത സംഘം കത്ത് എഴുതി വയ്പ്പിച്ചു. തന്നെ തട്ടിക്കൊണ്ടു പോകുന്നത് തിരുവനന്തപുരത്തേയ്ക്ക്. മോചന ദ്രവ്യമായി വേണ്ടത് 15 ലക്ഷം രൂപ.
ഈ തുകയുമായി എത്തേണ്ടത് തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മുന്നിലേയ്ക്ക് – അച്ഛനെയും അമ്മയെയും ഭയപ്പെടുത്താൻ വീട്ടിൽ കത്തെഴുതി വച്ച ശേഷം മൂന്നര ലക്ഷം രൂപയുമായി സൈക്കിളിൽ നാട് വിട്ട കുട്ടിയെ ഒടുവിൽ 14 മണിക്കൂറിന് ശേഷം കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ വീട് വിട്ടിറങ്ങിയ കുട്ടിയെ കൊച്ചിയിലെ ലുലുമാളിലെ ഫുഡ് കോർട്ടിൽ നിന്നും വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ വീട്ടുകാർ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് ഏറ്റുമാനൂർ സ്വദേശിയായ കുട്ടി വീട് വിട്ടിറങ്ങിയത്. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം പന്ത്രണ്ട് മണിവരെ മാതാവിനും, പിതാവിനുമൊപ്പം കുട്ടി മുറിയിലുണ്ടായിരുന്നു.
തുടർന്ന് പുലർച്ചെ പിതാവ് രാത്രി മൂന്നു മണിയോടെ ഉണർന്ന് നോക്കിയപ്പോഴാണ് കുട്ടിയെ കിടപ്പുമുറിയിൽ കാണാതായത്. പരിഭ്രാന്തരായ കുടുംബം നോക്കിയപ്പോൾ മുറിയ്ക്കുള്ളിൽ നിന്നും കത്ത് കണ്ടെത്തി.
തുടർന്ന് വീട്ടുകാർ വിവരം ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.ജെ തോമസിനെ അറിയിച്ചു.
മൂന്നര ലക്ഷം രൂപയും കയ്യിലെടുത്ത് സൈക്കിളിൽ കുട്ടി വീട് വിട്ടതായി വിവരം ലഭിച്ചതോടെ നേരം പുലരും മുൻപ് തന്നെ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉണർന്നു.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ജീപ്പും, കൺട്രോൾ റൂം വാഹനവും ഹൈവേ പൊലീസും തലങ്ങും വിലങ്ങും പാഞ്ഞു. എ.ജെ തോമസിന്റെ നിർദേശാനുസരണം കുറവിലങ്ങാട് കടുത്തുരുത്തി വൈക്കം പൊലീസ് ഉദ്യോഗസ്ഥരെല്ലാം നിരത്തിലിറങ്ങി.
സൈക്കിളിലെത്തുന്ന കുട്ടിയെ കണ്ടെത്താൻ കാക്കിയും തൊപ്പിയും മുറുക്കി പൊലീസ് ഉദ്യോഗസ്ഥർ പിടിമുറുക്കിയിറങ്ങി.
ഇതിനിടെ പൊലീസ് സംഘം ഉടൻ തന്നെ കുട്ടിയുടെ വിശദാംശങ്ങൾ സഹിതം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്ക്കും കൈമാറി.
കുട്ടിയുടെ ചിത്രവും, സഞ്ചരിക്കുന്ന സൈക്കിളിന്റെ വിശദാംശങ്ങളും അടക്കം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് സി.ഐ വീട്ടുകാരോട് കാര്യങ്ങൾ തിരക്കിയതോടെയാണ് അടുത്തിടെ കുട്ടി ലുലുമാളിൽ പോയിരുന്നതായി വിവരം ലഭിച്ചത്.
ഇതിനിടെ കുട്ടി എറണാകുളം ഭാഗത്തേയ്ക്കു സൈക്കിളിൽ പോകുന്നതായി രണ്ടിടത്തു നിന്നും സിസിടിവി ക്യാമറ ദൃശ്യം ലഭിച്ചു. ഇതോടെ കുട്ടി ലുലുമാൾ ലക്ഷ്യമിട്ടാണ് യാത്ര ചെയ്യുന്നതെന്ന് പൊലീസിനു വ്യക്തമായി.
കുട്ടിയ്ക്ക് അപായം സംഭവിക്കാതിരിക്കാൻ ഓരോ മേഖലയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു പൊലീസിന്റെ നിരീക്ഷണം. ലുലുമാളിലേയ്ക്ക് തന്നെയാണ് യാത്രയെന്ന് വ്യക്തമായതോടെ സി.ഐ എ.ജെ തോമസ് ലുലുമാളിലെ സെക്യൂരിറ്റി മേധാവിയെ ബന്ധപ്പെട്ട് കുട്ടിയുടെ ചിത്രം അയച്ചു നൽകി.
ലുലുമാളിലെ സിസിടിവി ക്യാമറാ ദൃശ്യം പരിശോധിച്ച് സെക്യൂരിറ്റി ജീവനക്കാർ കുട്ടി ഇവിടെത്തന്നെ ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന് വിവരം സി.ഐ എ.ജെ തോമസിനെയും സംഘത്തെയും അറിയിച്ചു. പിന്നീട്, ഒരു നിമിഷം പോലും താമസിക്കാതെ സിസിടിവി ക്യാമറ ദൃശ്യം സി.ഐയുടെ മൊബൈൽ ഫോണിൽ ലഭിച്ചു. കാണാതായ കുട്ടി തന്നെയാണ് ലുലുമാളിൽ ഇരിക്കുന്നതെന്ന് കണ്ടെത്തിയ പൊലീസ് സംഘം പിന്നീട് ഒന്നും നോക്കിയില്ല.
കൊച്ചിയിലേയ്ക്കു കുതിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ലുലുമാളിലെ ഫുഡ് കോർട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടിയെ ലുലുമാളിലെ സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തി. തുടർന്ന് പൊലീസ് സംഘം വൈകുന്നേരത്തോടെ കുട്ടിയെ വീട്ടിൽ എത്തിച്ചു.
14 മണിക്കൂറോളം നാട്ടുകാരെയും പൊലീസിനെയും കുടുംബാംഗങ്ങളെയും മുൾമുനയിൽ നിർത്തിയ കുട്ടിയെ രാത്രി വൈകി വീട്ടിൽ എത്തിച്ചിട്ടുണ്ട്.