സിഎസ്‍കെ ഇനിയും കാത്തിരിക്കണം ; ഇരട്ട സെഞ്ച്വറി അടിച്ച് ഗില്ലും സുദര്‍ശനും ; ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന്‍റെ തോല്‍വി

സിഎസ്‍കെ ഇനിയും കാത്തിരിക്കണം ; ഇരട്ട സെഞ്ച്വറി അടിച്ച് ഗില്ലും സുദര്‍ശനും ; ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന്‍റെ തോല്‍വി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പർ കിംഗ്സ് ഇനിയും കാത്തിരിക്കണം. ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതോടെയാണിത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെയ്ക്ക് നിശ്ചിത 20 ഓവറില്‍ 196-8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. 11 പന്തില്‍ പുറത്താവാതെ 26* റണ്‍സ് നേടിയ എം എസ് ധോണിക്കും ചെന്നൈയെ ജയിപ്പിക്കാനായില്ല. അതേസമയം ജയത്തോടെ ടൈറ്റന്‍സ് പ്രതീക്ഷ നിലനിർത്തി. തോറ്റിരുന്നേല്‍ ടീം പുറത്താകുമായിരുന്നു.

മറുപടി ബാറ്റിംഗില്‍ 1.1 ഓവറില്‍ 2 റണ്ണിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍മാരെ മടക്കി ഗുജറാത്ത് ടൈറ്റന്‍സ് പിടിമുറുക്കി. ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ രചിന്‍ രവീന്ദ്രയെ (2 പന്തില്‍ 1) പറക്കും ത്രോയില്‍ ഡേവിഡ് മില്ലര്‍ റണ്ണൗട്ടാക്കി. തൊട്ടടുത്ത ഓവറില്‍ മലയാളി പേസര്‍ സന്ദീപ് വാര്യരുടെ പന്തില്‍, ഇംപാക്ട് സബ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ അജിങ്ക്യ രഹാനെയെ (5 പന്തില്‍ 1) രാഹുല്‍ തെവാട്ടിയ ഗംഭീര ക്യാച്ചില്‍ പറഞ്ഞയച്ചു. വണ്‍ഡൗണ്‍ താരവും സിഎസ്‌കെ ക്യാപ്റ്റനുമായ റുതുരാജ് ഗെയ്‌ക്‌വാദിനെ (3 പന്തില്‍ 0) ഉമേഷ് യാദവും പുറത്താക്കിയതോടെ 2.5 ഓവറില്‍ ചെന്നൈ 10-3. റാഷിദ് ഖാന്‍റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു റുതുവിന്‍റെ മടക്കയാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡാരില്‍ മിച്ചല്‍-മൊയീന്‍ അലി സഖ്യം സിഎസ്‌കെയ്ക്ക് ശ്വാസം നല്‍കി. മിച്ചല്‍ 27 പന്തിലും അലി 31 ബോളിലും അര്‍ധസെഞ്ചുറികള്‍ തികച്ചു. 109 റണ്‍സ് നീണ്ട ഇരുവരുടെയും കൂട്ടുകെട്ട് 13-ാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (34 പന്തില്‍ 63) പുറത്താക്കി മോഹിത് ശര്‍മ്മ അവസാനിപ്പിച്ചു. മോഹിത്തിന്‍റെ തന്നെ 15-ാം ഓവറിലെ ആദ്യ പന്തില്‍ മൊയീന്‍ അലി (36 പന്തില്‍ 56) നൂര്‍ അഹമ്മദിന്‍റെ ക്യാച്ചില്‍ വീണു. ഇതിന് ശേഷം ശിവം ദുബെ (13 പന്തില്‍ 21), രവീന്ദ്ര ജഡേജ (10 പന്തില്‍ 18), മിച്ചല്‍ സാന്‍റ്നർ (2 പന്തില്‍ 0), ഷർദ്ദുല്‍ താക്കൂർ (4 പന്തില്‍ 3) എന്നിവർ മടങ്ങിയപ്പോള്‍ എം എസ് ധോണി 11 പന്തില്‍ 26* റണ്‍സുമായി പുറത്താവാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശർമ്മ മൂന്നും റാഷിദ് ഖാന്‍ രണ്ടും ഉമേഷ് യാദവും സന്ദീപ് വാര്യരും ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 231 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍ 55 പന്തില്‍ 104 ഉം, സായ് സുദര്‍ശന്‍ 51 പന്തില്‍ 103 ഉം റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡിനൊപ്പം ഗില്ലും സായ്‌യും ഇടംപിടിച്ചു. ഇരുവരും 50 വീതം പന്തുകളിലാണ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. സായ്‌യെയും ഗില്ലിനെയും ഒരേ ഓവറില്‍ പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡെ പുറത്താക്കി. ഒരുവേള ടൈറ്റന്‍സ് സ്കോര്‍ 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ സിഎസ്‌കെ ബൗളര്‍മാര്‍ കരുതലോടെ പന്തെറിഞ്ഞു. ഷാരൂഖ് ഖാന്‍ (3 പന്തില്‍ 2), ഡേവിഡ് മില്ലര്‍ (11 പന്തില്‍ 16*) എന്നിങ്ങനെയാണ് മറ്റ് ടൈറ്റന്‍സ് താരങ്ങളുടെ സ്കോറുകള്‍.