ഗുജറാത്തിൽ അമിത് ഷായുടെ കാലത്ത് കേസ് പരിഗണിക്കുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം: അഡ്വ.ജയശങ്കർ
സ്വന്തംലേഖകൻ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരവകുപ്പ് അമിത് ഷായ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദിയുടെയും അമിത് ഷായുടെയും കൂട്ടുകെട്ടെന്ന് ജയശങ്കർ പറയുന്നു. വരും നാളുകളിൽ അങ്ങോട്ട് മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്‌കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയായിരിക്കുമെന്നും ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിംഗിന് പോലുമുണ്ടാവില്ല അക്കാര്യത്തിൽ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നൽകിയിരിക്കുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം. മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ഷായെ പാർട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോൾ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു- ജയശങ്കർ പറഞ്ഞു.