ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

Spread the love

സ്വന്തം ലേഖകൻ വൈക്കം: ഗിന്നസ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി ഒൻപത് വയസ്സുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ നാലാം ക്ലാസുകാരനായ ആദിത്യൻ ഗിന്നസിൽ ഇടം പിടിച്ചത്. മൂന്നര കിലോമീറ്റർ വീതിയുള്ള കായൽ നീന്തികടന്നാണ് ആദിത്യൻ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. തിങ്കളാഴ്ച രാവിലെയാണ് ഗിന്നസ് റെക്കോർഡിനായുള്ള പ്രകടനം നടത്തിയത്. ചേർത്തല തവണക്കടവിൽ അരൂർ എംഎൽഎ ദലിമ ജോജോയാണ് ആദിത്യൻ്റെ കൈകൾ ബന്ധിച്ച് നീന്തൽ ഫ്ളാഗ് ഓഫ് ചെയ്തത്. ഒരു മണിക്കൂർ 24 മിനുട്ട് കൊണ്ട് ആദിത്യൻ മറുകരയിൽ എത്തി. ഗിന്നസ് റെക്കോർഡ് അധികൃതരും നീന്തൽ വേളയിൽ ആദിത്യനൊപ്പം ഉണ്ടായിരുന്നു. മറുകരയായ വൈക്കം കായലോര ബീച്ചിൽ ആണ് ആദിത്യന് സ്വീകരണം ഒരുക്കിയിരുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാത്യു വർഗീസ് ആണ് ആദിത്യന്റെ കൈയിലെ വിലങ്ങുകൾ അഴിച്ചു മാറ്റിയത്. തുടർന്ന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും നാട്ടുകാരും ചേർന്നു വാദ്യ മേളാഘോഷത്തോടെയാണ് ആദിത്യനെ സ്വീകരിച്ചത്. അനുമോദന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാഥിതിയായിരുന്നു. ഒഴിവുസമയങ്ങളിൽ മൂവാറ്റുപുഴ മേഖലയിലെ നിരവധി ജലാശയങ്ങളിലായാണ് 6 മാസമായി ആദിത്യൻ പരിശീലനം നടത്തിയിരുന്നത്.
ഇതിന് ഇടയിലാണ് കൈകൾ ബന്ധിച്ച് നീന്തണം എന്ന ആഗ്രഹം ആദിത്യനിൽ ഉടലെടുക്കുന്നത്. അതിനു പിതാവ് ആദ്യം സമ്മതം നൽകിയെങ്കിലും മാതാവ് അശ്വതിക്ക് ഭയമായിരുന്നു. പരിശീലകൻ ബിജു തങ്കപ്പൻ നൽകിയ ഉറപ്പിന്മേലാണ് ഗിന്നസ് റെക്കോർഡിൽ ആദിത്യൻ മുത്തമിട്ടത്.