95 വയസുള്ള സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമം; കഴുത്തിലെ സ്വർണ്ണമാല കവർന്നു ; കൊച്ചുമകൻ മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

Spread the love

അടിമാലി(ഇടുക്കി): 95 വയസ്സുള്ള സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സ്വർണമാല കവർന്ന കൊച്ചുമകൻ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി.അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് ഇവരുടെ മൂത്ത മകന്റെ മകൻ അഭിലാഷ് (ആന്റണി-44) കവർന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

video
play-sharp-fill

മച്ചിപ്ലാവിലെ വീട്ടില്‍ മകൻ തമ്ബി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് മേരി താമസിച്ചിരുന്നത്. മറ്റുള്ളവർ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമർത്തിയശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിയില്‍നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പോലീസില്‍ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണകാമറയില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

അഭിലാഷ് മുൻപും സമാന കേസുകളില്‍ പ്രതിയായിരുന്നെന്നും ഏതാനും ദിവസം മുൻപാണ് പീരുമേട് ജയിലില്‍നിന്ന് മോചിതനായതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടത്ത് വിറ്റതായി മൊഴി നല്‍കിയിട്ടുണ്ട്. മേരിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group