പത്തുമണിക്കൂറിലധികം ജോലി ചെയ്താൽ ഇനി ഒരു ദിവസം വിശ്രമിക്കാം ; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:നിർബന്ധിത ജോലി സമയത്തിന് ശേഷം അധികസമയമായി ഒരു മാസത്തിൽ പത്തുമണിക്കൂറിലധികം ജോലി ചെയ്താൽ ഒരു ദിവസത്തെ അവധി നൽകാൻ സർക്കാർ തീരുമാനിച്ചു.
അധികജോലിയ്ക്ക് ഒരുദിവസം പകരം അവധി (കോമ്പൻസേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും.
ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂർ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് സമയം ഓരോ മാസവും 16 മുതൽ അടുത്ത 15 വരെയാണ് കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച ഓഫീസിലെ ജീവനക്കാർ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയൽ കാർഡ് മുഖേനയോ പെൻനമ്ബർ രേഖപ്പെടുത്തിയോ ഹാജർ രേഖപ്പെടുത്തണം.
ഓരോ മാസവും 16 മുതൽ അടുത്ത മാസം 15 വരെയുള്ള അവധിപേക്ഷ സ്പാർക്കിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. എന്നാലും പിന്നീട് അവധിക്ക് അപേക്ഷിച്ചാൽ ശമ്ബളം നൽകും. ഇതിനുള്ള അറിയിപ്പ് ജീവനക്കാർക്ക് എസ്.എം.എസ്. മുഖേന നൽകും.
അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ഒറ്റത്തവണ പഞ്ച് ചെയ്താൽ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയാകും. ദിവസവേതന, താത്കാലിക, കരാർ ജീവനക്കാരെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാൽ പുനഃസ്ഥാപിക്കാനാവില്ല.
സാങ്കേതിക തകരാർമൂലം പഞ്ചിങ് മുടങ്ങിയാൽ പുനഃക്രമീകരിക്കും. സർവീസിൽ പുതിയതായി നിയമിതരാവുന്നവർ ആ ദിവസംതന്നെ ലഭിക്കുന്ന പെൻ നമ്പർ ഉപയോഗിച്ച് പഞ്ച് ചെയ്യണം. ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർഓഫീസുകളിലും ആധാർ അധിഷ്ടിത സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്