ചൈനാ അതിർത്തിയിൽ വീരമൃത്യു വരിച്ച മേജറുടെ ഭാര്യ ഗൗരി സൈന്യത്തിലേക്ക്
സ്വന്തം ലേഖകൻ
മുംബൈ: രാജ്യം മുഴുവൻ സല്യൂട്ട് ചെയ്യുകയാണ് ഈ യുവതിയെ. മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ തീരുമാനമെടുത്ത ഗൗരി പ്രസാദ് മഹാദിക്കാണ് രാജ്യത്തിന്റെ മുഴുവൻ പ്രശംസപിടിച്ചുപറ്റി വാർത്തകളിലിടം നേടിയിരിക്കുന്നത്.
ഭർത്താവിന്റെ മരണത്തിന് പിന്നാലെ സൈന്യത്തിൽ ചേരാൻ തീരുമാനിച്ച ഗൗരി ഇപ്പോൾ തന്റെ ആഗ്രഹത്തിന്റെ ആദ്യപടി പൂർത്തികരിച്ചിരിക്കുകയാണ്. എസ്.എസ്.ബി. പരീക്ഷയിൽ മികച്ചവിജയം നേടി സൈനിക പ്രവേശനത്തിനൊരുങ്ങുകയാണ് അവർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുവർഷം മുമ്പ്് ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ തീപ്പിടിത്തത്തിലാണ് ഗൗരിയുടെ ഭർത്താവ് മേജർ പ്രസാദ് ഗണേഷ് മരണപ്പെട്ടത്. മേജർ പ്രസാദ് ഗണേഷ് മരണപ്പെടുമ്പോൾ മുംബൈയിൽ ജോലിചെയ്യുകയായിരുന്നു ഗൗരി. അഭിഭാഷകയും കമ്ബനി സെക്രട്ടറിയുമായിരുന്ന ഗൗരി ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ആ തീരുമാനമെടുക്കുന്നത്. തന്നെക്കാൾ രാജ്യത്തെയും സൈന്യത്തെയും സ്നേഹിച്ച ഭർത്താവിന് തനിക്ക് നൽകാവുന്ന ഏറ്റവും വലിയ സ്മരണാഞ്ജലി അതുതന്നെയാകുമെന്ന് അവർക്ക് തീർച്ചയായിരുന്നു.
ഭർത്താവിന്റെ മരണശേഷം എസ്.എസ്.ബി പരീക്ഷയിൽ മിന്നുംജയം നേടിയാണ് ഗൗരി സൈനികപ്രവേശനത്തിനൊരുങ്ങുന്നത്. ആദ്യശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാംതവണ പരീക്ഷയിൽ മികച്ച വിജയംനേടി. വിധവകളുടെ വിഭാഗത്തിലാണ് പരീക്ഷ എഴുതിയതെങ്കിലും 16 പരീക്ഷാർത്ഥികളിൽ ഒന്നാമതായി വിജയിച്ചു. എസ്.എസ്.ബി. പരീക്ഷ വിജയിച്ചതോടെ സൈന്യത്തിന്റെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനത്തിന് പോകാനൊരുങ്ങുകയാണ് ഗൗരി. 49 ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിശീലനം പൂർത്തിയാക്കിയാൽ സൈന്യത്തിൽ ലെഫ്റ്റനന്റ് റാങ്കോടെയാകും ഗൗരിയുടെ നിയമനം.
സൈന്യത്തിൽ ചേരാനൊരുങ്ങുന്ന ഗൗരിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കരഞ്ഞുകൊണ്ടായിരുന്നു അവരുടെ മറുപടി. ‘ഞാൻ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ ഞാൻ തീരുമാനിച്ചു. ഞാൻ അദ്ദേഹത്തിന്റെ യൂണിഫോം ധരിക്കും, എന്റെയും അദ്ദേഹത്തിന്റെയും യൂണിഫോം. അത് ഞങ്ങളുടെ യൂണിഫോമാണ്-ഗൗരി പറഞ്ഞു.