കോടതി വിളിച്ചിട്ടും വന്നില്ല: ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറണ്ട്; നടപടി പി.കെ ശ്രീമതിയെ അപമാനിച്ച കേസിൽ
സ്വന്തം ലേഖകൻ
കണ്ണൂർ: പലതവണ കോടതി ഉത്തരവ് പുറത്തിറക്കിയിട്ടും ഹാജരാകാതിരുന്ന ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന് കോടതിയുടെ അറസ്റ്റ് വാറണ്ട്. ചാനൽ ചർച്ചയിൽ പി.കെ. ശ്രീമതി എം.പിക്കെതിരെ അഴിമതിയാരോപണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ബി. ഗോപാലകൃഷ്ണനെതിരെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
പി.കെ. ശ്രീമതി നൽകിയ മാനനഷ്ടക്കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ബി. ഗോപാലകൃഷ്ണൻ ഹാജരായില്ല. ഇതേത്തുടർന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. അന്ന് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ഹാജരാക്കുന്നതിനാണ് കോടതി പൊലീസിന് നിർദേശം നൽകിയത്.
ടെലിവിഷൻ ചർച്ചയ്ക്കിടെ അപകീർത്തികരമായ ആക്ഷേപം നടത്തിയെന്നാരോപിച്ചു കൊണ്ടാണ് ബി.ഗോപാലകൃഷ്ണനെതിരെ പി.കെ.ശ്രീമതി എം.പി മാനനഷ്ടക്കേസ് നൽകിയത്.
ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്നു മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്കു സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ടെലിവിഷൻ ചർച്ചയിൽ ആരോപിച്ചെന്നാണു പരാതി.
ഇത്തരമൊരു കമ്പനി രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ ശ്രീമതി, ആരോപണം പിൻവലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ടു ഗോപാലകൃഷ്ണനു നോട്ടിസ് അയക്കുകയായിരുന്നു. തുടർന്നാണു കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്.