ദുബായില്‍ നിന്ന് വിദേശ പാഴ്‌സല്‍ വഴി സ്വര്‍ണക്കടത്ത്; കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; അറസ്റ്റിലായ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിച്ചത്
സ്വന്തം ലേഖകൻ
കൊച്ചി: വിദേശ പാഴ്‌സല്‍ വഴി ദുബായില്‍ നിന്ന് സ്വര്‍ണക്കടത്ത് നടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്.
സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദുബായില്‍ നിന്ന് വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച മൂന്നര കോടിയുടെ സ്വര്‍ണം അടുത്തിടെ പിടികൂടിയിരുന്നു. കോഴിക്കോട് സബ് പോസ്റ്റ് ഓഫീസില്‍ സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തേപ്പുപെട്ടി, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍ തുടങ്ങിയവയുടെ ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുപായില്‍ നിന്നും കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ഇവിടെ നിന്നും ക്ലിയറന്‍സ് നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു.
അറസ്റ്റിലായ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിച്ചത്. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തുന്ന വിദേശ പാഴ്‌സലുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയിരുന്നത് അറസ്റ്റിലായ അശുതോഷാണ്.
വിദേശത്തു നിന്നും സ്വര്‍ണം അടങ്ങിയ പാഴ്‌സലുകളുടെ വിവരം സംഘം അശുതോഷിന് കൈമാറും. ഇത് മറ്റ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ക്ലിയറന്‍സ് നല്‍കി സുരക്ഷിതമായി അയക്കേണ്ട ഉത്തരവാദിത്തമായിരുന്നു അശുതോഷിനെ സ്വര്‍ണക്കടത്തുസംഘം ഏല്‍പ്പിച്ചിരുന്നത്.