സ്വന്തം ലേഖിക
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ കാപ്പ റദ്ദാക്കി.
കാപ്പ അഡ്വസൈറി ബോര്‍ഡിന്‍റേതാണ് നടപടി. 2017 ന് ശേഷം കേസുകളില്ലെന്നും മുന്‍ കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെ ആണെന്നും കാണിച്ച് അര്‍ജുന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. 2017 ന് ശേഷം അര്‍ജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി.
പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജ്ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേര്‍ന്നു.
ഗള്‍ഫിലും കേരളത്തിലുടനീളവും അര്‍ജുന്‍ ആയങ്കി നെറ്റ് വര്‍ക്ക് ഉണ്ടാക്കി. കരിപ്പൂരില്‍ ഇങ്ങനെയൊരു ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് അര്‍ജുന്‍ ആയങ്കി കസ്റ്റംസിന്‍റെ പിടിയിലായത്. 2021 ജൂണ്‍ 28 അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്‌ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയത്.