
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: കബോർഡ് ജോലിക്കായി വന്ന വീട്ടിലെ അലമാര കുത്തിത്തുറന്ന് സ്വർണാഭരണം കവർന്ന യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ എൻഎസ്എസ് കോളജിനു സമീപം മതിയത്ത് വീട്ടിൽ ഷിജി(31)നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹിൽപാലസിനടുത്ത് ചിത്രാഞ്ജലിയിൽ ഭവൻസ് സ്കൂളിന് സമീപമുള്ള വീട്ടിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടരപ്പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശരവണന്റേതാണ് ആഭരണങ്ങൾ. ആഭരണം നഷ്ടപ്പെട്ടതറിഞ്ഞ ശരവണൻ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഹിൽപാലസ് പോലീസ് പണിക്കു വന്നവരെ പരിശോധിച്ചപ്പോൾ ഷിജിന്റെ പഴ്സിൽനിന്ന് സ്വർണം പണയം വച്ച രസീത് കണ്ടെത്തി.
പ്രതിയുൾപ്പെടെയുള്ള പണിക്കാരെ വീട്ടിലെ കബോർഡ് ജോലിക്കായി വീട്ടുടമ സുകുമാരൻ കൊണ്ടുവന്നതായിരുന്നു. പണിക്കിടെ ആരുമില്ലാത്ത തക്കത്തിനായിരുന്നു മോഷണം.
മോഷ്ടിച്ച ആഭരണങ്ങളിൽ കുറച്ച് ഇയാൾ സ്വകാര്യസ്ഥാപനത്തിൽ പണയംവയ്ക്കുകയായിരുന്നു. ബാക്കി വീട്ടിൽ സൂക്ഷിച്ചു.
ഹിൽപാലസ് പോലീസ് സ്റ്റേഷൻ സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ എസ്ഐ അനില, എഎസ്ഐ സന്തോഷ്, സിപിഒമാരായ സജീഷ്, ഷാജി, ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.