
കോടതി വിരട്ടി ; ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ച് ആസാം സർക്കാർ
സ്വന്തം ലേഖിക
ഗോഹട്ടി: ആസാമിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. ഒരാഴ്ചത്തെ വിലക്കിനുശേഷമാണു നിരോധനം പിൻവലിക്കുന്നത്. ഈ മാസം പതിനൊന്നിനാണു സംസ്ഥാനത്ത് ഇന്റർനെറ്റ് വിലക്കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നതിനു പിന്നാലെയായിരുന്നു നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ചില മേഖലകളിലാണു നിരോധനം ഏർപ്പെടുത്തിയതെങ്കിലും പിന്നീട് സംസ്ഥാന വ്യാപകമായി വിലക്കു വ്യാപിപ്പിക്കുകയായിരുന്നു. വോയിസ്, എസ്എംഎസ്, ഡാറ്റ സേവനങ്ങളാണു റദ്ദു ചെയ്തത്.
ഇൻറനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കാൻ കഴിഞ്ഞ ദിവസം ഗോഹട്ടി ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് വിലക്കു നീക്കുന്നതെന്നാണു സൂചന.
ഇന്റർനെറ്റ് സേവനങ്ങൾക്കു വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ആസാമിൽ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 215 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 329 പേരെ അറസ്റ്റ് ചെയ്തു. 2026 പേരെ കസ്റ്റഡിയിലെടുത്തു.