video
play-sharp-fill
‘നൽകിയ പരാതിയെ കുറിച്ച് എ.കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു; ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടു; പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടലെന്ന്’ പരാതിക്കാരി

‘നൽകിയ പരാതിയെ കുറിച്ച് എ.കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു; ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടു; പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടലെന്ന്’ പരാതിക്കാരി

കൊല്ലം: താൻ നൽകിയ പരാതിയെ കുറിച്ച് മന്ത്രി എ കെ.ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നു എന്ന് കേസിലെ പരാതിക്കാരി. പരാതി നൽകുന്നതിന് മുമ്പും പിമ്പും എൻ സി പിയിലെ പല നേതാക്കളും വിളിച്ചു. പരാതി നൽകിയിട്ടും മൊഴിയെടുക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

ജൂൺ 28 നാണ് പീഡന പരാതി നൽകിയത്. പരാതി നൽകി 6 ദിവസം കഴിഞ്ഞായിരുന്നു മന്ത്രി വിളിക്കുന്നത്. ജൂലൈ 4 നാണ് സ്വന്തം നമ്പരിൽ നിന്ന് മന്ത്രി വിളിച്ചത്. ഒരു തവണയാണ് വിളിച്ചതെങ്കിലും പലവട്ടം മന്ത്രി വിഷയത്തിൽ ഇടപെട്ടുവെന്ന് പരാതിക്കാരി പറയുന്നു. മന്ത്രിയുടെ ഭാഗത്ത് നിന്ന് അനീതിയാണുണ്ടായത്.

പത്മാകരൻ സ്വാധീനമുള്ള വ്യക്തിയെന്നതിന് തെളിവാണ് മന്ത്രിയുടെ ഇടപെടൽ. പത്മാകരൻ പണം നൽകാമെന്ന് പറഞ്ഞാണ് കൈയ്ക്ക് കടന്നു പിടിച്ചതെന്നും പരാതിക്കാരി പറഞ്ഞു. കളിയാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും യുവതി ആരോപിക്കുന്നു. തൻറെ കുടുംബം മുഴുവൻ എൻ സി പിക്കാരാണ്. താൻ മാത്രമാണ് ബി ജെ പിയിൽ ചേർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെയാണ് ഏതിർപ്പ് ശക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ബി ജെ പി പ്രവർത്തനത്തിൽ സജീവമായി. മാർച്ച ആറാം തീയതി കുണ്ടറയിൽ വന്നപ്പോൾ പത്മാകരൻ അദ്ദേഹത്തിൻറെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. കാശിന് വേണ്ടിയാണോ ബി ജെ പിയിൽ പോയതെന്നായിരുന്നു ചോദിച്ചത്. കാശിന് വേണ്ടിയാണെങ്കിൽ കാശ് ഞാൻ തരാമെന്ന് പറഞ്ഞ് കൈയിൽ കയറി പിടിക്കുകയായിരുന്നു.

അന്ന് അതിനെതിരെ പ്രതികരിക്കാൻ ധൈര്യം വന്നില്ല. പിന്നീട് തുടർച്ചയായി തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തി. പണം വാങ്ങിയാണ് ബി ജെ പിയിൽ ചേർന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്.

ഇത് രൂക്ഷമായതോടെയാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത്. ജൂൺ 28ന് പരാതി നൽകിയെങ്കിലും ഇതുവരെ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും അവർ പറഞ്ഞു.

അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നു. രാജിക്ക് തയാറായില്ലെങ്കിൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം.

ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ വിളിച്ച മന്ത്രി ശശീന്ദ്രൻ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലാണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ നൽകിയ പരാതിയിൽ മന്ത്രി പദവിയിൽ ഇരിക്കുന്ന ഒരാൾ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.

പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച എ.കെ ശശീന്ദ്രൻ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.